രാഹുല്‍ ഗാന്ധി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് സിആര്‍പിഎഫ് മുന്നറിയിപ്പ്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ച് സിആര്‍പിഎഫ് മുന്നറിയിപ്പ് നല്കി. മുന്‍കൂട്ടി അറിയിക്കാതെ വിദേശയാത്രകള്‍ നടത്തുകയും സുരക്ഷാ സംവിധാനങ്ങളെ ഗൗരവത്തില്‍ എടുക്കാതിരിക്കുകയും ചെയ്യുന്നുവെന്നാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും അഭിസംബോധന ചെയ്ത് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്.
“രാഹുല്‍ ഗാന്ധി പലപ്പോഴും നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുതന്നെ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു,” എന്നാണ് കത്തില്‍ പറയുന്നത്. സമീപകാലത്ത് മലേഷ്യന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സിആര്‍പിഎഫിന്റെ വിശദീകരണം പുറത്ത് വന്നത്.
രാഹുല്‍ ഗാന്ധി വ്യക്തിപരവും രാഷ്ട്രീയവുമായ ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ വിദേശയാത്ര നടത്തുന്നുണ്ടെന്നും ഇറ്റലി, വിയറ്റ്നാം, ദുബായ്, ഖത്തര്‍, ലണ്ടന്‍, മലേഷ്യ തുടങ്ങിയ സന്ദര്‍ശനങ്ങള്‍ ഉദാഹരണമായി കത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്. യെല്ലോ ബുക്ക് പ്രോട്ടോക്കോള്‍ പ്രകാരം വിദേശയാത്ര അടക്കം എല്ലാ യാത്രകളെയും കുറിച്ച് സുരക്ഷാ വിഭാഗത്തെ മുന്‍കൂട്ടി അറിയിക്കേണ്ടതാണെങ്കിലും, പലപ്പോഴും അത് പാലിക്കുന്നില്ലെന്നാണ് സിആര്‍പിഎഫിന്റെ നിലപാട്.
Tag: CRPF warns Rahul Gandhi over security breach