indiaLatest NewsNationalNews

ധർമസ്ഥല കേസിൽ നിർണായക വഴിത്തിരിവ്; തലയോട്ടി കൈമാറിയത് തിമരോടിയാണെന്ന് മുൻ ശുചീകരണ തൊഴിലാളി

ധർമസ്ഥല കേസിൽ നിർണായക വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ പ്രധാന സാക്ഷിയായ ചിന്നയ്യ നൽകിയ പുതിയ മൊഴിയാണ് അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിച്ചത്. തലയോട്ടി കൈമാറിയത് തിമരോടിയാണെന്നും അത് അദ്ദേഹത്തിന്റെ റബ്ബർ തോട്ടത്തിൽ നിന്നാണ് ലഭിച്ചതെന്നും ചിന്നയ്യ മൊഴി നൽകി. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ശേഖരിച്ചിരിക്കുകയാണ്. തലയോട്ടിയിലെ മണ്ണുമായി താരതമ്യം ചെയ്ത് പരിശോധന നടത്തും. തെളിവെടുപ്പ് പൂർത്തിയായാൽ മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാൻ എസ്.ഐ.ടി. തയ്യാറെടുക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സുജാത ഭട്ടിന്റെ അറസ്റ്റ് സാധ്യതയും ഉയർന്നിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസവും അവരെ ചോദ്യം ചെയ്യുകയാണ് എസ്.ഐ.ടി. ചോദ്യം ചെയ്യൽ പൂർത്തിയായാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന. ചിന്നയ്യ ഉപയോഗിച്ച ആറ് ഫോണുകളും എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്. മഹേഷ് ഷെട്ടി തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്. ഗൂഢാലോചനയെ തെളിയിക്കുന്ന ദൃശ്യങ്ങൾ ഫോണുകളിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ചിന്നയ്യയെ പ്രതിയുടെ വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പും നടത്തി.

എന്നാൽ, ചിന്നയ്യയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തുടക്കത്തിൽ ധർമസ്ഥലത്ത് നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവു ചെയ്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഫോറൻസിക് പരിശോധനയിൽ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടേത് അല്ല, പുരുഷന്റേതാണെന്ന് തെളിഞ്ഞു.

അതേസമയം, ചിന്നയ്യക്കെതിരെ ഭാര്യ രംഗത്തെത്തി. പബ്ലിസിറ്റിക്കായാണ് ഭർത്താവ് ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്നും അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഭാര്യ ആരോപിച്ചു.

സുജാത ഭട്ടിന്റെ മൊഴിയും കേസിൽ വലിയ തിരിമറിക്ക് കാരണമായി. 2003-ൽ മകൾ അനന്യ ഭട്ട് കാണാതായെന്നായിരുന്നു അവളുടെ ആദ്യ പരാതി. എന്നാൽ പിന്നീട്, തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിപ്പെടുത്തിയതിനാൽ തെറ്റായ പരാതി നൽകേണ്ടി വന്നതാണെന്നും സുജാത ഭട്ട് അന്വേഷണ സംഘത്തോട് സമ്മതിച്ചു.

Tag: Crucial turn in Dharmasthala case; Former sanitation worker says it was Thimarodi who handed over the skull

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button