പ്രതിഷേധ കാറ്റ് അലയടിക്കുന്നു;പതിറ്റാണ്ടുകള്‍ക്ക് ശേഷം ക്യൂബ കണ്ട ഏറ്റവും വലിയ പ്രതിഷേധം
ഹവാന: സര്‍ക്കാരിനെതിരെ ക്യൂബയില്‍ പ്രതിഷേധം ശക്തമാകുന്നു. കോവിഡിനെ തടയാനായി വാക്സിന് പോലുള്ള അടിസ്ഥാന വസ്തുക്കളുടെ ലഭ്യത കുറവ്, പൗരസ്വാതന്ത്ര്യം തടയല്‍, മഹാമാരി കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ വീഴ്ച എന്നിവയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ക്യൂബയില്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം നടന്ന വന്‍ പ്രതിഷേധ പ്രകടനമാണ് നടന്നത്. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് വര്‍ദ്ധനവിനുമിടയിലാണ് ക്യൂബ ഇങ്ങനെ ഒരു പ്രതിസന്ധി കൂടെ തരണം ചെയ്യേണ്ടി വരുന്നത്.
പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് അധികാരത്തിലുള്ള ദ്വീപില്‍ നടന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ ഒന്നാണിത്. ഹവാനയില്‍ നിന്ന് സാന്റിയാഗോ വരെയായിരുന്നു പ്രതിഷേധ പ്രകടനത്തില്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് – കാനല്‍ രാജി വയ്ക്കണമെന്ന ആവശ്യമായിരുന്നു ഉയര്‍ന്നത്.
ഞങ്ങള്‍ വളരെ പ്രയാസകരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ ഭരണത്തിന് ഒരു മാറ്റം ആവശ്യമാണ് എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാര്‍
സമരത്തിനിറങ്ങിയത്. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം തകര്‍ത്തതായും അതേ സമയം പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് ലാത്തിയും പെപ്പര്‍ സ്പ്രേ ഉപയോഗിച്ചു എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാത്രി 9 മണിയോടെ തലസ്ഥാന നഗരിയില്‍ നിന്ന് പ്രതിഷേധക്കാര്‍ മടങ്ങിയെങ്കിലും കനത്ത പൊലീസ് കാവലില്‍ തന്നെയായിരുന്നു നഗരം.
കരീബിയന്‍ ദ്വീപ് രാജ്യത്ത് 1.1 കോടി ആളുകള്‍ താമസിക്കുന്നുണ്ട്. ഇവിടങ്ങളിലുണ്ടാകുന്ന പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ സാധാരണഗതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. പക്ഷേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങള്‍ അലയടിക്കുകയാണ്. 1994ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തിനാണ് ഞായറാഴ്ച്ച ക്യൂബ സാക്ഷ്യം വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തിയത്.