keralaKerala NewsLatest News

പ്രൊഫ. എം. കെ. സാനുവിന് വിടപറയാൻ സാംസ്കാരിക കേരളം; സംസ്‌കാര ചടങ്ങുകൾ വൈകിട്ട് രവിപുരം ശ്മശാനത്തിൽ

എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം. കെ. സാനുവിന് വിടപറയാൻ സാംസ്കാരിക കേരളം. ഇന്ന് രാവിലെ 9 മണിക്ക് കൊച്ചിയിലെ വസതിയിലും 10 മണിക്ക് എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിന് അവസരമുണ്ടാകും. സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും. രാവിലെ 10.30ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിക്കും.

ശനിയാഴ്ച വൈകിട്ട് 5.35നാണ് സാനു മാഷ് അന്തരിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ അദ്ദേഹം പൊതുവേദികളിൽ സജീവമായിരുന്നു. വീഴ്ചയെ തുടർന്ന് ഇടുപ്പെല്ലിന് പരിക്കേറ്റ അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളായി, ചികിത്സാഫലമാകാതെ അന്ത്യം സംഭവിച്ചു.

1928 ഒക്ടോബർ 27-ന് ആലപ്പുഴയിലെ തുമ്പോളിയിൽ സമ്പന്ന കുടുംബത്തിൽ ജനിച്ച സാനു, അച്ഛന്റെ അകാലമരണത്തോടെ ദാരിദ്ര്യവും പ്രതിസന്ധികളും നേരിടേണ്ടി വന്നു. എന്നാൽ സാഹിത്യലോകത്തും സാംസ്കാരികരംഗത്തും തന്റേതായ സ്ഥാനം അദ്ദേഹം സ്വന്തമാക്കി. നാല് വർഷത്തോളം സ്കൂൾ അധ്യാപകനായും തുടർന്ന് വിവിധ ഗവൺമെന്റ് കോളേജുകളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

1958-ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന കൃതിയിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം, 1960-ൽ കാറ്റും വെളിച്ചവും എന്ന വിമർശനഗ്രന്ഥവും പുറത്തിറക്കി. 1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ച സാനു, 1986-ൽ പുരോഗമന സാഹിത്യസംഘത്തിന്റെ പ്രസിഡന്റായി. 1987-ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എ.എൽ. ജേക്കബിനെ പരാജയപ്പെടുത്തി എറണാകുളം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Tag: Cultural Kerala to bid farewell to Prof. M. K. Sanu; Funeral services to be held at Ravipuram crematorium in the evening

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button