ജയ്നമ്മ തിരോധാന കേസിൽ മുഖ്യപ്രതി സിഎം സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഏറ്റുമാനൂരിലെ ജയ്നമ്മ തിരോധാന കേസിൽ മുഖ്യപ്രതി സിഎം സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഒരു ആഴ്ചയായി കസ്റ്റഡിയിലിരിക്കുന്ന സെബാസ്റ്റ്യനെ പലതവണ ചോദ്യം ചെയ്തിട്ടും, അന്വേഷണത്തോട് സെബാസ്റ്റ്യൻ പൂർണമായി യോജിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഡിഎന്‍എ പരിശോധനയ്ക്ക് അയച്ച ശരീരാവശിഷ്ടങ്ങളുടെ ഫലം ലഭിച്ചശേഷം, വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതേസമയം, സെബാസ്റ്റ്യന്‍ ആലപ്പുഴയിലുണ്ടെന്ന സംശയമുള്ള മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടെ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങാനായി കോടതിയിൽ അപേക്ഷ നൽകാനൊരുങ്ങുകയാണ്.
സെബാസ്റ്റ്യനുമായി അടുത്ത ബന്ധമുള്ളവരുടെ വിശദമായ മൊഴിയെടുക്കുകയാണ് ഇപ്പോഴത്തെ അന്വേഷണത്തിന്റെ ലക്ഷ്യം. ഇക്കാര്യം പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് സംഘവും എത്തിയതും, സെബാസ്റ്റ്യന്റെ ഭാര്യയുടെ മൊഴി കോട്ടയത്ത് രജിസ്റ്റർ ചെയ്തതും. ആവശ്യമായാൽ, ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിലും കോഴി ഫാമിലും ഇന്നലെ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനുമുമ്പ് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് റോസമ്മയുടെ വീട്ടിലും പരിശോധനയ്ക്കൊരുങ്ങിയത്. വീട്ടിനുള്ളിലെയും പരിസരത്തെയും മണ്ണിടിഞ്ഞ ഭാഗങ്ങളിൽ സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് അവിടെയും കുഴിച്ച് പരിശോധിക്കാനാണ് തീരുമാനം.
രണ്ടാഴ്ചയായി സെബാസ്റ്റ്യനെ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തിയിട്ടും, കേസില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. തുടക്കം മുതല്‍ തന്നെ അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടാണ് സെബാസ്റ്റ്യന്‍ സ്വീകരിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ ചോദ്യംചെയ്യുന്ന ഘട്ടത്തിലേക്കും കേസ് കടന്നിട്ടുണ്ടെങ്കിലും പ്രതിയുടെ പക്കൽ നിന്നും കാര്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ല. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനോടനുബന്ധിച്ച്, ഇന്ന് തന്നെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.
Tag: custody period of the main accused CM Sebastian in the Jayanamma disappearance case will end today.