‘മൻസൂർ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരം, ലീഗുകാർ തുടങ്ങിയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്’; എം.വി. ജയരാജൻ

മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. കൊലപാതകം നടന്ന മുക്കിൽപീടിക ലീഗിന് ഭൂരിപക്ഷമുള്ള സ്ഥലമാണെന്നും, സി.പി.എം നേതൃത്വത്തിൽ ഇവിടെ അക്രമം നടത്തിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ഇവിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രവർത്തകരെ അക്രമിച്ചതിന് രണ്ട് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇതൊക്കെയാണെങ്കിലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണത്തിലൂടെ പൊലീസ് കുറ്റവാളികളെ കണ്ടെത്തട്ടെ. ഇതൊരു ആസൂത്രിത കൊലപാതകമല്ല. പുല്ലൂക്കരയിൽ സി.പി.എം പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്നുണ്ടായ സംഘർഷമാണ് ഔർഭാഗ്യകരമായ സംഭവത്തിനിടയാക്കിയത്. ലീഗുകാർ തുടങ്ങിയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെങ്കിലും അത് നടക്കാൻ പാടില്ലായിരുന്നു’. ജയരാജൻ പറഞ്ഞു.
‘കണ്ണൂരിൽ നിയമസഭ തെരഞ്ഞെടുപ്പ് ശാന്തമായി നടന്ന സാഹചര്യത്തിൽ ഇത്തരമൊന്ന് ഉണ്ടാകരുതായിരുന്നു. കണ്ണൂരിൽ സംഘർഷം കുറക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ഫലപ്രദമായി ഇടപെടുന്നുണ്ട്. ഇതിൻറെ ഫലമായി സംഘർഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ സഹകരിക്കുന്നുണ്ട്’. സമാധാനമുണ്ടാക്കാൻ കൂട്ടായ പരിശ്രമമുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.