ക്ളബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട്; മിമിക്രി കലാകാരനോട് പ്രതികരിച്ച് പൃഥ്വിരാജ്
സോഷ്യല്‍ മീഡിയയിലെ പുതിയ പ്ളാറ്റ്‌ഫോമായ ക്ളബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ച ആരാധകനോട് പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. സൂരജ് നായര്‍ എന്ന മിമിക്രി കലാകാരനാണ് പൃഥ്വിയുടെ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ച് ക്ളബ് ഹൗസില്‍ എത്തിയത്. ഇതിനെതിരെ പൃഥ്വി തന്നെ രംഗത്ത് വന്നതോടെയാണ് സൂരജ് താരത്തോട് മാപ്പ് ചോദിച്ചത്.
താന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ്. പൃഥ്വിരാജ് ചെയ്ത സിനിമകളിലെ ഡയലോഗ് കാണാതെ പഠിച്ച് മറ്റുള്ളവരെ രസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പറ്റിയ്ക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോള്‍ തെറ്റു ബോധ്യമായി. പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് പറയുന്നുവെന്നും സൂരജ് കുറിച്ചു.
ഇതോടുകൂടി സൂരജിനെ ആശ്വസിപ്പിച്ചുകൊണ്ട് പൃഥ്വിയും ഫേസ്ബുക്കിലെത്തി. തെറ്റ് മനസിലാക്കിയതില്‍ സന്തോഷിക്കുന്നുവെന്നും, മിമിക്രി മഹത്തരമായ ഒരു കലയാണെന്നും പൃഥ്വി കുറിച്ചു. ഒപ്പം ഓണ്‍ലൈനിലൂടെയുള്ള വ്യക്തിഹത്യ താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്ന മുന്നറിയിപ്പും പൃഥ്വിരാജ് ആരാധകര്‍ക്ക് നല്‍കി.