കസ്റ്റംസ് വിളിപ്പിച്ചത് സുവർണ്ണാവസരം : കെ ടി ജലീൽ.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് തൻ്റെ സത്യം ബോധിപ്പിക്കാനുള്ള സുവർണാ വസരമായാണ് കാണുന്നതെന്ന് മന്ത്രി.കെടി.ജലീൽ. ചോദ്യം ചെയ്യലിന് താൻ ഹാജരാകുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ.
ഇതിനിടെ കസ്റ്റംസ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്തിരുന്നു. ഗൺമാന്റെ ഫോൺ മന്ത്രി ഉപയോഗിച്ചു, സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത് ഗൺമാനെ വിളിച്ചു തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എൻഐഎയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നേരത്തെ മന്ത്രി ചോദ്യം ചെയ്തിരുന്നു. അതേ സമയം വിഷയത്തിൽ മന്ത്രിയെ പരിഹസിച്ച് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കെ.ടി.ജലീലിന്റെ ക്ഷണം കേന്ദ്ര ഏജൻസികൾ സ്വീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കേന്ദ്ര ഏജൻസികൾക്കും തന്റെ വീട്ടിലേക്ക് സ്വാഗതമെന്ന് കഴിഞ്ഞ ദിവസം കെ.ടി.ജലീൽ പറഞ്ഞിരുന്നു.