Kerala NewsLatest NewsLaw,

വാദി പ്രതിയായി, സുഹൃത്തിന്‍റെ ബലാത്സംഗപരാതി തുറന്നു പറഞ്ഞ കായികതാരം മയൂഖ ജോണിക്കെതിരെ അപകീര്‍ത്തിക്കേസ്

തൃശ്ശൂര്‍: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്.

അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളില്‍ എതിര്‍ സംഘത്തിന് എതിരെ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്.

2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍, വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല. 2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു.

തുര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം സി ജോസഫൈന്‍ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.

തൃശ്ശൂര്‍ ആളൂര്‍ പൊലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആരോപണം നേരിടുന്ന ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ സിയോന്‍ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നുവെന്നും, പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍റെ മരണ ശേഷം ജോണ്‍സണും കുടുംബവും സിയോനില്‍ നിന്നും പുറത്തു വന്നുവെന്നും ഇതിന്‍റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നുമാണ് പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ആരോപണം.

മയൂഖയും പരാതിക്കാരിയും സിയോന്‍ പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകരാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് മയൂഖ ജോണി രംഗത്തെത്തിയത്. വിശ്വാസത്തിന് വേണ്ടി ഒരു സ്ത്രീയും ചാരിത്ര്യം അടിയറ വയ്ക്കില്ലെന്ന് മയൂഖ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button