ചുഴലിക്കാറ്റിന് സാധ്യത; ശ്രീലങ്ക നിർദേശിച്ച “ശക്തി” എന്ന പേരിൽ അറിയപ്പെടുക

വടക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്ന പക്ഷം, അത് ശ്രീലങ്ക നിർദേശിച്ച “ശക്തി” എന്ന പേരിലായിരിക്കും അറിയപ്പെടുക. ഒഡിഷ തീരത്തിന് സമീപം നിലവിലുണ്ടായിരുന്ന അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ക്ഷയിച്ചിരിക്കുകയാണെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഞായറാഴ്ച വരെ ഇന്ത്യൻ തീരത്തിന് വലിയ ഭീഷണി ഇല്ലെന്നും വകുപ്പ് വ്യക്തമാക്കി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ചെറിയ തോതിൽ മഴ ലഭിക്കാമെന്നുമാണ് പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെട്ടതോടെ, കേരളത്തിൽ വീണ്ടും മഴ സാധ്യത വർധിച്ചിരിക്കുകയാണ്. ഒഡിഷ- ആന്ധ്ര തീരത്ത് ഗോപാൽപൂർ– പരദ്വീപ് ഇടയിൽ കരതൊടാൻ സാധ്യതയുള്ളതിനാൽ, ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. ഇതിനിടെ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഗുജറാത്ത് തീരപ്രദേശവും, വടക്കുകിഴക്കൻ, വടക്കുപടിഞ്ഞാറൻ, മധ്യ അറബിക്കടലും, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരപ്രദേശം, വടക്കുപടിഞ്ഞാറൻ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചിലപ്പോൾ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Tag: Cyclone likely; to be named “Shakti” as proposed by Sri Lanka