മോൻത ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു; നാല് പേർ മരിച്ചു, 1.76 ലക്ഷം ഹെക്ടർ കൃഷിനാശം

മോൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച ആന്ധ്രപ്രദേശ് തീരം തൊട്ടു കടന്നു. കാറ്റിന്റെ ആഘാതം അയൽ സംസ്ഥാനമായ ഒഡിഷയിലും വ്യാപിച്ചു. 15 ജില്ലകളിൽ ജനജീവിതം താറുമാറായി. ആന്ധ്രപ്രദേശിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കരതൊട്ടതിനെ തുടർന്ന് കാറ്റിന്റെ ശക്തി കുറയുകയും പിന്നീട് ചുഴലിക്കാറ്റ് ഒഡിഷയിലേക്കു നീങ്ങുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ചുഴലിക്കാറ്റ് കരതൊടൽ പ്രക്രിയ വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ചതായാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വ്യക്തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ ചുഴലിക്കാറ്റ് കാക്കിനാഡയ്ക്ക് സമീപം മച്ചിലിപട്ടണവും കലിംഗപട്ടണവും തമ്മിലുള്ള തീരപ്രദേശങ്ങളിലൂടെയാണ് കടന്നുപോയത്. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്.
ഒഡിഷയിലും തെലങ്കാനയിലും അതിശക്തമായ മഴ പെയ്തു. ആന്ധ്രപ്രദേശിലെ 12 ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മോൻത അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ആന്ധ്രപ്രദേശിൽ വ്യാപകമായ മഴ പെയ്തു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നെല്ലൂർ ജില്ലയിലാണ്. 1.76 ലക്ഷം ഹെക്ടറിലേറെ കൃഷിയിടങ്ങൾ നശിച്ചതായി റിപ്പോർട്ടുണ്ട്. ഇതിൽ 38,000 ഹെക്ടറിലെ കൃഷി പൂർണ്ണമായും നശിക്കുകയും 1.38 ലക്ഷം ഹെക്ടറിലെ ഹോർട്ടികൾച്ചർ വിളകൾക്കും ഗുരുതരമായ നാശം സംഭവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ട്രെയിനുകളും വിമാനസർവീസുകളും തടസ്സപ്പെട്ടു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വാൾട്ടയർ ഡിവിഷനിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. സൗത്ത് സെൻട്രൽ റെയിൽവേ തിങ്കളും ചൊവ്വയുമടക്കം 120 ട്രെയിനുകൾ റദ്ദാക്കി. വിശാഖപട്ടണം വിമാനത്താവളത്തിലെ 32 വിമാനങ്ങളും വിജയവാഡയിലെ 16 വിമാനങ്ങളും റദ്ദാക്കപ്പെട്ടു. ആന്ധ്രപ്രദേശിൽ 20 സെന്റിമീറ്ററിൽ കൂടുതലായി മഴ ലഭിക്കാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒക്ടോബർ 29 വരെ സംസ്ഥാനത്തും യാനത്തും മിതമായതോ അതിശക്തമായതോ ആയ മഴ പെയ്യാമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 30-ന് വടക്കൻ തീരപ്രദേശങ്ങളിലുമുള്ള ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്യാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് ഒഡിഷയിലെ ഗജപതി ഉൾപ്പെടെ പല ജില്ലകളിലും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായ മഴയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ നിന്ന് 10,000 പേരെ മാറ്റിപ്പാർപ്പിച്ചതായി ഗജപതി ജില്ലാ കളക്ടർ മധുമിത അറിയിച്ചു. ഗർഭിണികൾക്കും മുതിർന്നവർക്കും പ്രത്യേക പരിചരണം നൽകുന്നതായി അവർ കൂട്ടിച്ചേർത്തു.
“റെയിൽവേ സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒമ്പത് പ്രധാന സ്റ്റേഷനുകളിൽ ഹെൽപ്പ് ഡെസ്കുകൾ തുറന്നു, റീഫണ്ട് കൗണ്ടറുകൾ വർധിപ്പിച്ചു, മണ്ണുമാന്തി യന്ത്രങ്ങൾ സജ്ജമാക്കി, ഡീസൽ പവർ യൂണിറ്റുകൾക്കും ജനറേറ്ററുകൾക്കും ഇന്ധനം നിറച്ചു,” എന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ വാൾട്ടയർ ഡിവിഷൻ മാനേജർ ലളിത് ബോറ പറഞ്ഞു.
ഒഡിഷയിൽ ഇതുവരെ 11,300 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ആകെ 30,000 പേരെ ഒഴിപ്പിക്കാൻ സർക്കാർ തയ്യാറെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. തെക്കൻ ഒഡിഷയിലെ ഗഞ്ചാം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കൻഗിരി, കാണ്ഡമാൽ, കാലഹണ്ടി, നബരംഗ്പൂർ എന്നീ എട്ട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളത്. 2,040 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും 30 ഒഡിആർഎഫ് യൂണിറ്റുകളും 123 ഫയർഫോഴ്സ് ടീമുകളും അഞ്ച് എൻഡിആർഎഫ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tag: Cyclone Montha hits Andhra coast; Four dead, 1.76 lakh hectares of crops damaged



