keralaKerala NewsLatest News

സിപിഐഎം നേതാവായ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ; വീട്ടിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നു, ചികിത്സ നിഷേധിക്കുന്നു

സിപിഐഎം നേതാവായ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ. വീട്ടിൽ പൂട്ടിയിട്ട് മർദ്ദിക്കുന്നു. ചികിത്സ നിഷേധിക്കുന്നു. കാസർ​ഗോഡ് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ് പിതാവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് തനിക്കെതിരായ പീഡനം ആരംഭിച്ചതെന്ന് യുവതി വെളിപ്പെടുത്തുന്നു. മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ, അവസാന പ്രതീക്ഷയെന്ന നിലയിലാണ് ഒരു രഹസ്യ ഫോൺ ഉപയോഗിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ട് തന്റെ ദുരിതം ലോകത്തോട് വിളിച്ചു പറഞ്ഞതെന്ന് സംഗീത പറയുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന വ്യക്തിയാണ് സംഗീത. വീട്ടിൽ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്നും സംഗീത വീഡിയോയിൽ പറയുന്നു. സ്വത്ത് തട്ടിയെടുത്ത കുടുംബം തന്നെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. തനിക്ക് ലഭിച്ച വിവാഹമോചന സെറ്റിൽമെന്റ് തുക മുഴുവൻ പിതാവും സഹോദരനും ചേർന്ന് കൈക്കലാക്കിയെന്നും, അതിനുശേഷം കൃത്യമായ ചികിത്സപോലും ലഭിക്കുന്നില്ലെന്നും സംഗീത പറയുന്നു.

ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണ് ശാരീരികവും മാനസികവുമായ പീഡനം അതിരുകടന്നതെന്നും സംഗീത വ്യക്തമാക്കി. തലയ്ക്ക് പലതവണ അടിക്കുകയും, ‘പോയി ചാകാൻ’ നിരന്തരം ആവശ്യപ്പെടുകയും ചെയ്തതായി യുവതി പരാതിപ്പെടുന്നു.

പിതാവ് പി.വി. ഭാസ്കരൻ തന്നോട് സംസാരിച്ചതിനെക്കുറിച്ചും സംഗീത വെളിപ്പെടുത്തി. “കമ്യൂണിസവും കാര്യങ്ങളുമെല്ലാം വീടിന് പുറത്തു മതി, വീടിനകത്ത് അതൊന്നും നടക്കില്ല,” എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ പറയുന്നത് അനുസരിക്കാൻ തയ്യാറല്ലെങ്കിൽ കൊല്ലുമെന്നും, അതിൽ നിന്ന് സുഖമായി ഊരിപ്പോരാനുള്ള കഴിവ് തനിക്കുണ്ട് എന്നും പിതാവ് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. കൂടാതെ, ‘‘ഇനി നീ നടക്കാൻ പോവുന്നില്ല, അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ ഇവിടെ കിടന്നു കുഴിയും’’ എന്നും പിതാവ് തന്നെ അധിക്ഷേപിച്ചതായി സംഗീത പറയുന്നു.

നേരത്തെ, വീട്ടുതടങ്കലിൽനിന്ന് മോചനം ആവശ്യപ്പെട്ട് സംഗീത സുഹൃത്തിന്റെ സഹായത്തോടെ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ, മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത് എന്ന പോലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് കോടതിയിൽ ഈ ഹർജി നിലനിന്നില്ല. താൻ തടങ്കലിലാണെന്ന വിവരം പോലീസിനോട് പറയാൻ അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും, പിതാവിന്റെ രാഷ്ട്രീയ സ്വാധീനം കാരണം പോലീസ് തന്നോട് ഒരു വിവരവും ചോദിച്ചില്ലെന്ന് സംഗീത പറഞ്ഞു. പ്രാദേശിക പോലീസ് സ്റ്റേഷനിൽനിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുള്ളതിനാലാണ് ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതെന്നും അവർ പറയുന്നു. തന്റെ ദുരവസ്ഥ വിവരിച്ച് സംഗീത കഴിഞ്ഞ ദിവസമാണ് എസ്.പി., കലക്ടർ എന്നിവർക്ക് പരാതി നൽകിയത്. എത്രയും പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്നും പീഡനത്തിൽ നിന്നും മോചനം ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം.

Tag: Daughter makes serious allegations against CPM leader father; locks him in house, beats him, denies treatment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button