അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പണമില്ല; മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ഹൈദരാബാദ്: ശവസംസ്്കാര ചടങ്ങുകള്‍ നടത്തുന്നതിന് പണമില്ലാത്തതിനെ തുടര്‍ന്ന് 93കാരന്റെ മൃതദേഹം ദിവസങ്ങളോളം കൊച്ചുമകന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.
അന്ത്യകര്‍മങ്ങള്‍ക്ക് പണമില്ലാത്തതെ വന്നതോടെയാണ് കൊച്ചു മകന്‍ ഇങ്ങനെ ചെയ്തത്. ഹൈദരാബാദിലെ വാറങ്കലില്‍ പര്‍കാലയിലാണ് സംഭവം. വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെ സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 93കാരനും 24കാരനായ കൊച്ചുമകന്‍ നിഖിലും വാടകവീട്ടിലായിരുന്നു താമസം. വയോധികന്റെ പെന്‍ഷന്‍ തുകകൊണ്ടായിരുന്നു ഇവര്‍ ജീവിതം നയിച്ചിരുന്നത്.
മൂന്നുദിവസം മുമ്പാണ്് ഇയാള്‍ മരിച്ചത്. അസുഖ ബാധിതനായി കിടപ്പിലായിരുന്നു 93കാരന്‍. ആദ്യം മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഫ്രിഡ്ജിലേക്ക് മാറ്റി സൂക്ഷിച്ചു. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മൃതദേഹം ഇങ്ങനെ സൂക്ഷിച്ചുവെച്ചതെന്നും നിഖില്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതേസമയം 93കാരന് ലഭിക്കുന്ന പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണോ മൃതദേഹം ഇങ്ങനെ ഒളിപ്പിച്ച് വെച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.