നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചിന്നക്കട ശങ്കര്‍ നഗര്‍ കോട്ടാത്തല ഹൗസില്‍ അഡ്വ. കോട്ടാത്തല ഷാജിയുടെ മകന്‍ അനന്തുകൃഷ്ണ ഷാജിയുടെ (26) മൃതദേഹമാണ് കണ്ടെത്തിയത്. കാനഡയിലെ കോണ്‍സ്റ്റഗോ സര്‍വകലാശാലയിലെ എം.എസ് വിദ്യാര്‍ഥിയാണ് അനന്തുകൃഷ്ണ.
പാര്‍ട്ട്‌ടൈം ജോലിയിലെ സുഹൃത്തുക്കള്‍ക്കൊപ്പം അനന്തു നയാഗ്ര താഴ്‌വരയിലെത്തിയിരുന്നു. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ഫോട്ടോയെടുക്കവെ തമിഴ്‌നാട് സ്വദേശിനിയായ സഹപാഠി ഒഴുക്കില്‍പെട്ടു. ഈ സഹപാഠിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അനന്തു ഒഴുക്കില്‍പെട്ടത്. ഈ വിദ്യാര്‍ഥിനിയെ പൊലീസ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് ദിവസങ്ങളോളം നടത്തിയ തെരച്ചിലിലാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്്. മാതാവ്: നൈന ഷാജി. സഹോദരന്‍: അശ്വിന്‍ ഷാജി.