ജീവനെടുത്തത് ഓണ്‍ലൈന്‍ ഓര്‍ഡര്‍; പരാതിയുമായി അച്ഛന്‍
മകന്‍ ആത്മഹത്യ ചെയ്യാന്‍ വിഷം വാങ്ങിയത് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തതാണെന്ന പരാതിയുമായി പിതാവ്. വിഷം കഴിച്ച് മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ പരാതിയുമായാണ് പിതാവ് രംഗത്തെത്തിയത്. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ രഞ്ജിത് വര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്. 18 വയസുള്ള മകന്‍ ആദിത്യ ആണ് വിഷം കുടിച്ച് ആത്മഹത്യ ചെയ്തത്. ഇ-കൊമേഴ്സ് കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്ത സള്‍ഫസ് കഴിച്ചാണ് മകന്‍ ആദിത്യ ജീവനൊടുക്കിയതെന്നാണ് വര്‍മയുടെ പരാതിയെന്ന് ഛത്രിപുര പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം കമ്പനിയുടെ വെബ്സൈറ്റില്‍ നിന്ന് തന്റെ മകന്‍ ആദിത്യ വിഷം വാങ്ങിയെന്നും അത് കഴിച്ച് ആത്മഹത്യ ചെയ്തതായും രഞ്ജിത് വര്‍മ്മ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ജൂലൈ 29 ന് കുട്ടി വിഷം കഴിക്കുകയും അടുത്ത ദിവസം ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. ആവശ്യമായ രേഖകള്‍ പരിശോധിക്കാതെ ഇ-കൊമേഴ്സ് കമ്പനി തന്റെ മകന് നിയമ വിരുദ്ധമായി വിഷ പദാര്‍ത്ഥം നല്‍കിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. പരാതിയില്‍ പോലീസ് കേസെടുത്തു. ഈ സംഭവത്തില്‍ വിശദീകരണം തേടി തങ്ങള്‍ ഇ കൊമേഴ്‌സ് കമ്പനിക്ക് ഒരു നോട്ടീസ് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. അവരുടെ മറുപടി ലഭിച്ചുകഴിഞ്ഞാല്‍, അനുയോജ്യമായ നിയമ നടപടികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, വിഷ പദാര്‍ത്ഥം കമ്പനി നല്‍കിയിരുന്നില്ലെങ്കില്‍, മകന്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേക്കാമെന്ന് രഞ്ജിത്ത് വര്‍മ പറഞ്ഞു. കമ്പനിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിഷ പദാര്‍ത്ഥങ്ങളുടെ വിതരണം അവസാനിപ്പിക്കണമെന്നും മറ്റൊരു പിതാവിനും തന്റെ മകനെ ഈ രീതിയില്‍ നഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മകന്‍ ചില സാമ്പത്തിക വിഷയങ്ങളെ തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായിരുന്നതെന്നും രഞ്ജിത്ത് വര്‍മ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ കമ്പനിക്ക് നോട്ടീസ് അയക്കുമെന്നും അവരുടെ പ്രതികരണം ലഭിച്ച ശേഷം ബാക്കി നടപടികള്‍ ആരംഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.v