ഇരുട്ടി വെളുത്തപ്പോൾ എല്ലാം നഷ്ട്ടമായ കുൽധാര

ഒറ്റ രാത്രികൊണ്ട് ഗ്രാമവാസികളെ ഉൾപ്പടെ സർവ്വവും നഷ്ട്ടമായ ഒരു ഗ്രാമം. കുൽധാരയുടെ ചരിത്രാന്വേഷണത്തിലെ
ദുരൂഹത മുന്നൂറു വർഷങ്ങൾക്ക് ശേഷവും തീരുന്നില്ല. ഗ്രാമത്തിനെന്ത് പറ്റി. ഗ്രാമവാസികൾ ഒരു രാത്രികൊണ്ട് എവിടേക്ക് പോയി. അന്വേഷണ കുതുകികൾ ഇന്നും മൂക്കത്ത് വിരൽ വെച്ച് അന്വേഷണം തുടരുകയാണ്.
19-ാം നൂറ്റാണ്ടിലെ അതിസമ്പന്നമായ രാജസ്ഥാൻ ഗ്രാമങ്ങളിലൊന്നായിരുന്ന കുൽധാര യുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇന്നും ദുരൂഹം തന്നെ. ജയ്സാൽമീറിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് രാജസ്ഥാനിലെ കുൽധാര സ്ഥിതിചെയ്യുന്നത്. മുന്നൂറ് വർഷം മുമ്പ് വരെസമ്പൽസമൃദ്ധമായിരുന്ന ഒരു ഗ്രാമം. ഒറ്റ രാത്രികൊണ്ട് ഗ്രാമം ഇല്ലാതായി. ഗ്രാമ വാസികൾ മുഴുവൻ അപ്രത്യക്ഷരായി. ആർക്കും വേണ്ടാത്ത പ്രേത ഭൂമിയായി. ഗ്രാമത്തിൽ പ്രേതബാധയുണ്ടെന്നും രാത്രികാലങ്ങളിൽ ഇവിടെ തങ്ങുന്നത് നല്ലതല്ലെന്നുമുള്ള കഥകൾ തന്നെയാണ് അയൽഗ്രാമങ്ങളിൽ ഉള്ളവർ കുൽധാരയെപ്പറ്റി ഇന്നും പറയുന്നത്. 1500 ലധികം ആളുകൾ താമസിച്ചിരുന്ന ഗ്രാമത്തിൽ ഇന്ന് സ്ഥിര താമസക്കാർ ആരും തന്നെയില്ല. രാത്രിയാകുമ്പോൾ പേടിപ്പെടുത്തുന്ന ആർത്തനാദങ്ങളും ഒഴുകി നടക്കുന്ന രൂപങ്ങളും ഉണ്ടെന്നു നാട്ടുകാർ പറഞ്ഞു പേടിപ്പെരുമ നേടിയിരിക്കുകയാണ് കുൽധാര.
1500 ലേറെ വരുന്ന പലിവാൽ വിഭാഗത്തിൽപ്പെട്ട ബ്രാഹ്മണരുടെ ഗ്രാമമായിരുന്നു കുൽധാര. അന്ന്, മന്ത്രിയായ സലിം സിംഗിന് ഗ്രാമവാസികൾ നികുതി നൽകി വരുമായിരുന്നു. ഒരു നാൾ ഗ്രാമത്തിലെത്തിയ മന്ത്രി, ഗ്രാമത്തലവന്റെ മകളെ കണ്ട് ഇഷ്ടപ്പെട്ട് അവളെ വിവാഹം ചെയ്ത് താരം ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുത്തില്ലെങ്കിൽ, ഗ്രാമത്തിന്റെ നികുതി വർദ്ധിപ്പിക്കുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തുകയും ചെയ്തു.മന്ത്രിയിൽ നിന്ന് പെൺകുട്ടിയുടെ മാനം രക്ഷിക്കാനായി കുൽധാര ഗ്രാമവും അടുത്തുള്ള 84 ഗ്രാമങ്ങളും ചേർന്ന് ഇരുട്ടിവെളുക്കുന്നതിനു മുമ്പ് സ്ഥലം വിട്ടുപോയി എന്നാണ് ചരിത്രപരമായി പറയപ്പെടുന്നത്. എന്നാൽ,അതല്ല നടന്നതെന്നും, ഒരൊറ്റ രാത്രികൊണ്ട് ഗ്രാമവാസികളെ മുഴുവൻ മന്ത്രിയും പരിവാരങ്ങളും ചേർന്ന് കൊന്നുകുഴിച്ചു മൂടുകയായിരുന്നും തൊട്ടടുത്ത ഗ്രാമവാസികൾ ഇപ്പോഴും വിശ്വസിക്കുന്നു.
പെൺകുട്ടിയെ ഗ്രാമത്തലവൻ നല്‌കാത്തതിനാൽ മന്ത്രി നികുതി കൂട്ടിയെന്നും, ഭീമമായ നികുതി അടയ്ക്കാനാവാതെ ഗ്രാമീണർ മറ്റെവിടേക്കോ നാടു വിട്ടോടിയെന്ന മറ്റൊരു കഥയും നിലനിൽക്കുന്നുണ്ട്. ഗ്രാമീണർ പോകുന്നതിന് മുൻപ് ഇനി ഒരിക്കലും ആർക്കും ഇവിടെ ജീവിക്കാൻ കഴിയാതെയിരിക്കട്ടെ എന്ന് ശപിസിച്ചിരുന്നതായും പറയുന്നുണ്ട്. പലതവണ ഗ്രാമത്തിൽ താമസിക്കാൻ പലരും ശ്രമിച്ചെങ്കിലും അവർക്കെല്ലാം രാത്രികാലങ്ങളിൽ അസാധാരണങ്ങളായ അനുഭവങ്ങൾ നേരിടേണ്ടി വന്നു എന്നാണു പറയുന്നത്. ഇതിനിടെ 2017 ലെ ഒരു പഠനം, ഭൂമികുലുക്കം മൂലം ഗ്രാമവാസികൾ നാടുവിട്ടുപോയതെന്നാണ് പറയുന്നത്. വിക്കിപീഡിയ ആവട്ടെ ഇത് ശരിവെക്കുന്നു.
ഗ്രാമത്തിൽ പിന്നീട് താമസിക്കാൻ ശ്രമിച്ചവരൊക്കെയും ദുരൂഹമായി കൊല്ലപ്പെട്ടതോടെയാണ് ഗ്രാമത്തിൽ പ്രേതബാധയുണ്ടെന്ന വിശ്വാസം വർധിക്കുന്നത്. പുരാതന കാലത്തെ മനോഹരദൃശ്യങ്ങൾ നിറഞ്ഞ കുൽധാര പ്രദേശത്ത് രാത്രി കഴിയാൻ ആളുകൾ പിന്നീട് എന്തുകൊണ്ടോ ഭയപ്പെടുകയായിരുന്നു. 2018ൽ ഡൽഹിയിലെ പാരാനോർമൽ സൊസൈറ്റി 30 പേരടങ്ങുന്ന ഒരു സംഘത്തെ കുൽധാരയിൽ ഒരു രാത്രി തങ്ങാനയക്കുകയുണ്ടായി. എന്നാൽ അവർക്കവിടെ ഇരുട്ടി വെളുപ്പിക്കാനായില്ല എന്ന റിപ്പോർട്ടുകളാണ് പിന്നീട് പുറത്ത് വന്നത്. പേടിപ്പെടുത്തുന്ന ശബ്ദങ്ങളും, ചലിക്കുന്ന നിഴലുകളും, അവരുടെ ഉറക്കം കെടുത്തി. ചില സമയങ്ങളിൽ ആരോ പിറകിൽ നിന്ന് സ്‌പർശിക്കുന്നതായും അവർക്ക് അനുഭവപെട്ടു. അവർ എത്തിയ വാഹനങ്ങളിൽ കുട്ടികളുടെ കൈപ്പാടുകൾ കണ്ടതായ റിപ്പോർട്ടുകളും ഉണ്ടായി. അതേസമയം, പകൽ സമയത്ത് ഇവിടെ ധാരാളം ടൂറിസ്റ്റുകളും കച്ചവടക്കാരുമെത്താറുണ്ട്. സന്ധ്യമയങ്ങിയാൽ ഇതുവഴി വാഹനങ്ങളിൽ പോകാൻ പോലും ജനങ്ങൾ ധൈര്യപ്പെടില്ല.
ഗ്രാമവാസികൾ ഒരൊറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച്, പല കാരണങ്ങൾ പറയുന്നുണ്ടെങ്കിലും ഇത്രയും അളുകൾ ഒരു രാത്രികൊണ്ട് ഗ്രാമം ഉപേക്ഷിച്ചാൽ അത് സമീപഗ്രാമങ്ങൾ അറിയാതിരിക്കുന്നത് എങ്ങനെയെന്ന ചോദ്യം ആണ് ഉത്തരം കിട്ടാതെ ബാക്കിയാവുന്നത്.
ഇന്ന്,ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ ആണ് കുൽധാര സംരക്ഷിക്കപ്പെടുന്നത്. 2010 ൽ രാജസ്ഥാൻ സർക്കാർ കുൽധാരയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പേടിപ്പെടുത്തുന്ന ഇടങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയ ഇവിടം തേടി നിരവധി സഞ്ചാരികൾ നിത്യവും എത്തിവരുന്നു. എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ എത്തുന്നവർക്ക് അസാധാരണമായ പല അനുഭവങ്ങളും ഉണ്ടാകുന്നതായി അനുഭവസ്ഥർ ഇന്നും പറയുന്നു.
ചുവരുകളും, മേൽക്കൂരകളും ഇല്ലാത്ത ഇവിടുത്തെ മൺവീടുകൾ വിനോദ സഞ്ചാരികളിലും പേടിയുണർത്തുന്നു. നൂറ്റാണ്ടുകളായി ആൾത്താമസമില്ലാത്ത ഈ ഗ്രാമം ഇന്നും ഒരു ദുരൂഹ ദുരന്തത്തിന്റെ ശേഷിക്കുന്ന അസ്ഥികൂടം പോലെ കിടക്കുന്നു. വീടുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിൽ, രാജസ്ഥാൻ സർക്കാർ ചില വീടുകൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.