ബസില്‍ ഉറങ്ങിപ്പോയ മൂന്നര വയസ്സുകാരനെ എടുക്കാന്‍ മറന്നു; ശ്വാസംമുട്ടി കുഞ്ഞ് മരിച്ചു
അജ്മാന്‍: മിനി ബസില്‍ ഉറങ്ങിപ്പോയ കുഞ്ഞിനെ എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് മൂന്നര വയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു. യുഎഇയിലെ അജ്മാനിലാണ് സംഭവം.
ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുഞ്ഞ് മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. തുടര്‍ന്ന് ശ്വാസം കിട്ടാതെ അവശനിലയിലാകുകയായിരുന്നു. അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജൂലൈ 12നാണ് സംഭവം നടന്നത്. കുട്ടിയെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചെന്നും എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടി ആമിന ആശുപത്രിയില്‍ നിന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ശ്വാസം കിട്ടാത്തതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചത്. അജ്മാന്‍ പൊലീസ് ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്രൂഷി പറഞ്ഞു.
ബസിനുള്ളില്‍ ഉറങ്ങിപ്പോയ കുട്ടിയെ ബസിലെ സൂപ്പര്‍വൈസറിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. സൂപ്പര്‍വൈസറുടെ ജാഗ്രത കുറവാണ് കുഞ്ഞിന്റെ ദാരുണ മരണത്തിന് കാരണമായതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. ഉച്ചഭക്ഷണ സമയത്ത് കുഞ്ഞിനെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് ബസിനുള്ളില്‍ അവശനിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.
ഒരു ടാലന്റ് ഡെവലപ്മെന്റ് കേന്ദ്രത്തിന്റെ ബസിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ ടാലന്റ് ഡെവലപ്മെന്റ് കേന്ദ്രത്തിന്റെ ലൈസന്‍സ് ഒരു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞതാണെന്നും പൊലീസ് കണ്ടെത്തി.