ഭാര്യയുടെ ജീവനെടുത്ത് പോലീസുകാരന്‍ മൃതദേഹം കത്തിച്ചു; പോലീസും, കോണ്‍ഗ്രസ് നേതാവും പിടിയില്‍
ഗാന്ധിനഗര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. വഡോദര പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ അജയ് ദേശായിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവും അറസ്റ്റിലായിട്ടുണ്ട്. 2020-ല്‍ കര്‍ജാന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച കൃതിസിങ് ജഡേജയാണ് പിടിയിലായത്്.
ഇരുവര്‍ക്കുമെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയതായാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം നാലാം തിയതി രാത്രിയാണ് ഭാര്യ സ്വീറ്റി പട്ടേലിനെ അജയ് കൊലപ്പെടുത്തിയത്. ശേഷം, അദാലി ഗ്രാമത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ജഡേജയുടെ ഹോട്ടലില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
കേസിനാസ്പദമായ സംഭവം നടന്ന ദിവസം അജയും സ്വീറ്റിയും തമ്മില്‍ വഴക്കിട്ടിരുന്നു. ഇത് കൊലപാതകത്തിലാണ് അവസാനിച്ചത്. ശേഷം, ജൂണ്‍ അഞ്ചിന് രാവിലെ സ്വീറ്റിയുടെ മൃതദേഹം ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് അജയ് കാറില്‍ കയറ്റി ഹോട്ടലില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു. ഹോട്ടലിന്റെ പിറകുവശത്തുവെച്ചായിരുന്നു മൃതദേഹം കത്തിച്ചത്.
അതേസമയം, ഭാര്യയുമായി വഴക്കുണ്ടായെന്നും അതിനു ശേഷം അവരെ കാണാനില്ലെന്നും സ്വീറ്റിയുടെ സഹോദരനോട് അജയ് പറഞ്ഞിരുന്നു. മൃതദേഹം കത്തിക്കാനും ഉപേക്ഷിക്കാനും സഹായിച്ച കുറ്റം ചുമത്തിയാണ് ജഡേജയെ പോലീസ് അറസ്റ്റ് ചെയതത്. ഒരാഴ്ച മുന്‍പാണ് കേസിന്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്.