വടകരയില്‍ ചായക്കടക്കാരന്‍ തൂങ്ങി മരിച്ചു, കൊവിഡ് പ്രതിസന്ധിയെന്ന് നാട്ടുകാര്‍
കോഴിക്കോട്: വടകരയില്‍ ചായക്കടക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. മേപ്പയില്‍ സ്വദേശി കൃഷ്ണനെ(70) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചായകടയ്ക്കുള്ളിലാണ് കടയുടമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൊവിഡ് കാരണം കൃഷ്ണന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് മരണ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആത്മഹത്യയെകുറിച്ചു പോലും ചിന്തിക്കുന്നുണ്ടെന്നും കൃഷ്ണന്‍ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചവരെ കടയിലുണ്ടായിരുന്ന കൃഷ്ണനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ തുടങ്ങിയിരുന്നു.
തുടര്‍ന്നാണ് കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേപ്പയില്‍ വര്‍ഷങ്ങളായി ചായക്കട നടത്തുകയായിരുന്നു കൃഷ്ണന്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
സംഭവത്തില്‍ കൃഷ്ണന്റെ ആത്മഹത്യക്ക് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങള്‍ റിക്കവറി നടപടികള്‍ നര്‍ത്തി വെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൃഷ്ണന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.