സാമ്പത്തിക പ്രതിസന്ധി: വ്യാപാരി കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
രാജകുമാരി: ഇടുക്കിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ വിഷം കഴിച്ചു മരിച്ചു. സേനാപതി കുഴിയാമ്പാട്ട് ദാമോദരനാണ് (60) മരിച്ചത്. കടബാധ്യതയെ തുടര്‍ന്നാണ് വ്യാപാരി ജീവനൊടുക്കിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് ശാന്തന്‍പാറ പള്ളിക്കുന്നിലെ കടയ്ക്കുള്ളില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ദാമോദരനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.
ബുധന്‍ രാവിലെ 11നു ശേഷമാണ് ദാമോദരന്‍ കടയ്ക്കുള്ളില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം വിഷം കഴിച്ചത്. ഉച്ചയ്ക്ക് ശേഷം കടയില്‍ നിന്നു തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്ന ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ പിന്‍വശത്തെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് അവശനിലയില്‍ ദാമോദരനെ കണ്ടെത്തിയത്. ഇവിടെ നിന്നു വിഷക്കുപ്പിയും കണ്ടെത്തി. നേരത്തേ ലോട്ടറി കച്ചവടം നടത്തിയിരുന്ന ദാമോദരന്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കുകയും ഒരു വര്‍ഷം മുന്‍പ്് പള്ളിക്കുന്നില്‍ പലചരക്കു കടയും ഇറച്ചിക്കോഴി വ്യാപാരവും തുടങ്ങുകയും ചെയ്തു.
ഒട്ടേറെ പേര്‍ ദാമോദരന് പണം കൊടുക്കാനുമുണ്ട്. കച്ചവട ആവശ്യത്തിനും മറ്റുമായി ദാമോദരന്‍ പലരില്‍ നിന്നായി 5 ലക്ഷത്തിലധികം രൂപ വായ്പ വാങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കട തുറക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വ്യാപാരം നിലച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ദാമോദരന്‍ കുറച്ചു ദിവസങ്ങളായി കടുത്ത മാനസിക പ്രതിസന്ധിയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ വാഗമണ്‍ പഴമ്പിള്ളില്‍ ആനന്ദവല്ലി. മക്കള്‍: ആദര്‍ശ്, അഖില. മരുമകന്‍: മഹേഷ്.