തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സക്കിടെ പുഴുവരിച്ച രോഗി മരിച്ചു
വട്ടിയൂര്‍ക്കാവ്: കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച സംഭവത്തിലെ രോഗി മരിച്ചു. പുഴുവരിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായിട്ടും തലയിലുണ്ടായ മുറിവുകള്‍ ഉണങ്ങിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാര്‍ (56) ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ച സംഭവത്തിലെ രോഗിയാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് കൂലിപ്പണിക്ക് ശേഷം മടങ്ങവേ അനില്‍ കുമാര്‍ വഴിയില്‍ വീണത്. ഗുരുതര പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോവിഡ് പോസിറ്റീവ് ആയി. കോവിഡ് നെഗറ്റീവ് ആയ അദ്ദേഹം സെപ്റ്റംബര്‍ 27ന് ആശുപത്രിവിട്ടു.
തുടര്‍ന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തലയിലും അരയിലും പുഴുവരിച്ചതായി കണ്ടെത്തിയത്്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അവശതയിലായിരുന്നു. കഴുത്തിലിട്ടിരുന്ന കോളറും മലമൂത്രവിസര്‍ജനത്തിനായി ഉപയോഗിച്ചിരുന്ന ഡയപ്പറും മാറ്റിയിരുന്നില്ലെന്ന് അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.