പ്രമോഷന്‍ കിട്ടിയത് ജീവന്‍ അവസാനിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍…
ആലപ്പുഴ: മരിച്ചു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രമോഷന്‍ ഉത്തരവ് വീട്ടിലെത്തി. ആര്യാട് സ്‌കൂളിലെ അറ്റന്‍ഡറായിരുന്ന എം.ജി. സന്തോഷിന്റെ വീട്ടിലാണ് ഉത്തരവെത്തിയത്. അര്‍ബുദത്തെത്തുടര്‍ന്നാണ് സന്തോഷ് രണ്ടു വര്‍ഷം മുന്‍പു മരിച്ചത്. സ്‌കൂളിലെ അറ്റന്‍ഡറായിരുന്ന സന്തോഷ് മരിച്ച്, രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ലാബ ്അറ്റന്‍ഡറായി സ്ഥാനക്കയറ്റം നല്‍കിയുള്ള സര്‍ക്കാരിന്റെ ഉത്തരവെത്തിയത്.
പന്ത്രണ്ടുവര്‍ഷം മുന്‍പ് തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റില്‍ നിന്ന് അടുത്തിടെ 22 പേര്‍ക്കു നിയമനം നല്‍കിയപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് ഹാജരായത്. ബാക്കിയുള്ളവരില്‍ ചിലര്‍ സര്‍വീസില്‍നിന്ന് വിരമിക്കുകയോ സന്തോഷിനെപ്പോലെ മരണപ്പെടുകയോ ചെയ്തു. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ ഫലമായാണ് ഉത്തരവ് ഏറ്റുവാങ്ങാനുള്ള ഭാഗ്യം സന്തോഷിനു ലഭിക്കാതെപോയത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സന്തോഷ്. മരണശേഷം ലഭിക്കുന്ന തുച്ഛമായ ആശ്രിത പെന്‍ഷന്‍ കൊണ്ടാണ്് ആ കുടുംബം കഴിഞ്ഞു പോകുന്നത്. സന്തോഷ് മരിക്കുന്നതിനു മുമ്പ്് സ്ഥാനക്കയറ്റം ലഭിച്ചിരുന്നെങ്കില്‍ അതനുസരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുമായിരുന്നു. മാത്രമല്ല, സര്‍വീസിലിരിക്കെ മരിച്ചതു കണക്കിലെടുത്ത് ഭാര്യക്ക് ആശ്രിത നിയമനവും ലഭിക്കുമായിരുന്നു. എന്നാല്‍ ഇതൊന്നുമുണ്ടായില്ല.
ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ ലാബ്അസിസ്റ്റന്റ് തസ്തികയിലെ 25 ശതമാനം ഒഴിവുകള്‍ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇതു കാലങ്ങളായി നടപ്പാക്കിയിട്ടില്ല. പിന്നീടു നിയമനം നടപ്പാക്കിയപ്പോള്‍ അര്‍ഹരായവര്‍ പലരും സര്‍വീസില്‍ ഇല്ലാതെയായി. 2014-ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ക്ലാര്‍ക്ക് തസ്തികയിലേക്ക് ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് പത്തുശതമാനം എന്ന കണക്കില്‍ സ്ഥാനക്കയറ്റം നീക്കിവെച്ചിരുന്നു. മുപ്പത്തഞ്ചോളം ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് ക്ലാര്‍ക്കായുള്ള സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ട്. എന്നാല്‍, കഴിഞ്ഞ ഏഴുവര്‍ഷമായി ആര്‍ക്കും സ്ഥാനക്കയറ്റം കൊടുത്തിട്ടില്ല.