കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചു,അരലക്ഷത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

കോട്ടയം / സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മേഖലകളിലെ ഒരു കിലോമീറ്റർ പരിധിയിലുള്ള അരലക്ഷത്തോളം വളർത്തു പക്ഷികളെയും കൊന്നൊടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഒരു മേഖലയിൽ മാത്രം അൻപതിനായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാകും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. കഴിഞ്ഞ ദിവസമാണ് നീണ്ടൂർ, കുട്ടനാട് മേഖലകളിൽ നിന്നായി ഒൻപത് സാമ്പിളുകൾ പൂനയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ അഞ്ച് സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്. രോഗവിവരത്തെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് തന്നെ സർക്കാരിന് വിവരം ലഭിച്ചിരുന്നു. ദേശാടനപക്ഷികളിൽ നിന്നാവാം രോഗബാധയുണ്ടായതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സ്വീകരിച്ച അതേനടപടികളാണ് ഇത്തവണയും സ്വീകരിക്കാൻ അധികൃതർ ആലോചിക്കുന്നത്.
/റിലീസ്/