ബാംഗ്ലൂരിൽ നിന്നും ട്രെയിൽ മാർഗ്ഗം വിദേശമദ്യം കടത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
തൃശൂർ : ബാംഗ്ലൂരിൽ നിന്നും ട്രെയിൽ മാർഗ്ഗം വിദേശമദ്യം കടത്തികൊണ്ടുവന്ന സിപിഎം പ്രവർത്തകനും മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ ഭരണിക്കാവ് ഇലിപ്പക്കുളം ദേശത്തുവിളയിൽ പുത്തൻവീട്ടിൽ ആസാദിനെ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും അറസ്റ്റു ചെയ്തു. ഇയാളെ പിടികൂടുമ്പോൾ മൂന്നു ലിറ്റർ വിദേശമദ്യം കയ്യിലുണ്ടായിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷനു വെളിയിലുള്ള ദിവാൻജിമൂല ജങ്ഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തൃശൂരിലുള്ള ഇടപാടുകാരനു മദ്യം നൽകാൻ പോവുകയായിരുന്നു. കർണാടകത്തിൽ നിന്ന് സ്ഥിരമായി ഇയാൾ മദ്യം കടത്തുന്നതായി എക്സൈസിനു രഹസ്യവിവരം കിട്ടിയിരുന്നു. ഭരണസ്വാധീനം പ്രയോജനപ്പെടുത്തിയാണ് ഇയാൾ അന്തർസംസ്ഥാന മദ്യ വിൽപ്പനയും കടത്തും നടത്തിയിരുന്നത്. അന്തർ സംസ്ഥാന മദ്യ-മയക്കുമരുന്നുമാഫിയായുടെ കണ്ണിയായി പ്രവർത്തിച്ചു വരുന്ന ഏജന്റാണ് ഇയാളെന്നും ആക്ഷേപമുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ അറിയിച്ചു.