കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ മരണം; രണ്ടാംപ്രതി പിടിയില്‍
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിനെ സരോവരം തണ്ണീര്‍ത്തടത്തില്‍ കെട്ടിത്താഴ്ത്തിയ കേസിലെ രണ്ടാംപ്രതി പിടിയില്‍. കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്താണ് ശനിയാഴ്ച പിടിയിലായത്. ആന്ധ്രയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നീ പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു.
വെള്ളിയാഴ്ച സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയും പിടിയിലാകുന്നത്. വാഴത്തുരുത്തിക്ക് സമീപമുള്ള ചതുപ്പില്‍ പരിശോധന ആരംഭിച്ച് എട്ടാംദിവസമായ വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണസംഘത്തിന് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചുതുടങ്ങിയത്. തലയോട്ടിയൊഴികെ 53 അസ്ഥികളാണ് ലഭിച്ചത്.
മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലുകളും കയറും മരിച്ചസമയത്ത് ധരിച്ചതായി കരുതുന്ന വസ്ത്രങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ഡിഎന്‍എ പരിശോധനകൂടി പൂര്‍ത്തിയാക്കിയാലേ ലഭിച്ച അസ്ഥികള്‍ വിജിലിന്റേതാണെന്ന് ഉറപ്പിക്കാനാകൂ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അസ്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
2019 മാര്‍ച്ച് 24-ന് ഉച്ചയോടെ അമിത അളവില്‍ ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിനെത്തുടര്‍ന്നാണ് വിജില്‍ മരിച്ചതെന്നാണ് പ്രതികളുടെ മൊഴി. ശേഷം സരോവരത്തെ ചതുപ്പില്‍ കല്ലുകെട്ടിത്താഴ്ത്തി. എട്ടുമാസത്തിനുശേഷം ചതുപ്പില്‍നിന്ന് അസ്ഥിഭാഗങ്ങളെടുത്ത് മരണാനന്തരകര്‍മങ്ങള്‍ ചെയ്തെന്നും മൊഴിയിലുണ്ട്.
വീട്ടില്‍നിന്ന് ബൈക്കില്‍ സുഹൃത്തുക്കളുടെ അടുത്തേക്കുപോയതാണ് വിജില്‍. സരോവരത്തെ പറമ്പില്‍വെച്ച്, ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്ന നിഖില്‍ അത് വലിച്ചു. മറ്റുമൂന്നുപേര്‍ അത് ഇഞ്ചക്ഷനായാണ് ഉപയോഗിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും വിജില്‍ ഉണര്‍ന്നില്ല. അവിടെത്തന്നെ കിടത്തി മറ്റുള്ളവര്‍ പോയി. രാത്രി തിരിച്ചുവന്നപ്പോഴും അതേപോലെ കിടക്കുന്നതുകണ്ടതോടെ മരിച്ചെന്ന് കൂട്ടുകാര്‍ക്ക് വ്യക്തമായി. കുറ്റിക്കാട്ടിലേക്ക് മൃതദേഹം മാറ്റിക്കിടത്തിയശേഷം വിജിലിന്റെ ബൈക്കും മൊബൈലും എടുത്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചു. പിന്നേറ്റുവന്ന് മൃതദേഹം വെള്ളത്തിലേക്ക് താഴ്ത്തി മുകളില്‍ ചെങ്കല്ല് കയറ്റിവെച്ചു. എട്ടുദിവസംകഴിഞ്ഞ് നോക്കിയപ്പോള്‍ തല വെള്ളത്തിനുമുകളിലേക്ക് ഉയര്‍ന്നതുകണ്ടു. തുടര്‍ന്ന്, ഭാരമേറിയ കരിങ്കല്ലുകൂടി ശരീരത്തിലേക്ക് കയറ്റിവെച്ച് പൂര്‍ണമായി വെള്ളത്തിനടിയിലാക്കിയെന്നും മൊഴിയില്‍ പറയുന്നു.
Tag: Death of Westhill native KT Vigil of Kozhikode; Second accused arrested