കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് മാസം 2500 രൂപ പെന്ഷന് പ്രഖ്യാപിച്ച് ഡല്‍ഹി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രതിമാസം 2,500 രൂപ പെന്ഷന് പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒറ്റത്തവണയായി 50,000 രൂപ നല്കുന്നതിനു പുറമെയാണിതെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.പിതാവും മാതാവും മരിച്ച് അനാഥമാക്കപ്പെട്ട കുട്ടികള്‍ക്ക് 25 വയസു തികയുന്നതു വരെ 2,500 രൂപ പ്രതിമാസം നല്‍കുന്നതാണ് പദ്ധതി.
മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന പേരിലുള്ള പദ്ധതി ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.കുടുംബാംഗങ്ങള്‍ക്ക് നേരിട്ട് വെബ്സൈറ്റിലൂടെ ഓണ്‍ലൈനില്‍ പെന്‍ഷനായി അപേക്ഷിക്കാം.
ഇല്ലാത്ത പക്ഷം സര്‍ക്കാര്‍ പ്രതിനിധികള്‍ വീട്ടിലെത്തി അപേക്ഷ നല്കാന് സഹായിക്കുന്നു. ആധാറും മൊബൈല്‍ നന്പരും വിലാസവും ഉപയോഗിച്ച് അപേക്ഷിക്കുന്നവരുടെ വീടുകളില്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ പ്രതിനിധി നേരിട്ടെത്തി രേഖകള്‍ പരിശോധിച്ച് സഹായധനം ലഭ്യമാക്കും.