ചെങ്കോട്ട സംഘർഷം: നടൻ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തതായി ഡെൽഹി പൊലീസ്

ന്യൂ ഡെൽഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ നടൻ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തതായി ഡെൽഹി പൊലീസ്. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ വൻനാശനഷ്ടം വരുത്തുകയും സിഖ് പതാക ഉയർത്തുകയും ചെയ്തിരുന്നു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളിൽ ദീപ് സിദ്ധുവിന്റെ വിഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കർഷക നേതാക്കൾക്കെതിരെയും ഡെൽഹി പൊലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ധു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വിദേശത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തുനിന്ന് ദീപ് സിദ്ധുവിന്റെ പെൺസുഹൃത്താണ് വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
റിപ്പബ്ലിക് ദിനത്തിൽ ഡെൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ഉയർത്തി താരം സമൂഹമാധ്യമങ്ങളിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒളിസങ്കേതം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സിദ്ധു ബിജെപി ഏജന്റാണെന്നും സമരം പൊളിക്കാൻ ഇടപെട്ടുവെന്നുമാണ് കർഷക സംഘടനകളുടെ ആരോപണം. ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിദ്ധു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിപ്പിച്ച് സമരം അക്രമസക്തമാക്കാൻ നേതൃത്വം നൽകിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് 12 പേരുടെ ചിത്രങ്ങളാണ് ഡെൽഹി ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. വിവിധ വിഡിയോകൾ പരിശോധിച്ചതിനു ശേഷവും ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെയുമാണ് അക്രമികളെ തിരിച്ചറിഞ്ഞത്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി പൊലീസിനെ ആക്രമിച്ചത് ഇവരാണെന്നാണ് നിഗമനം. അക്രമത്തിൽ 44 കേസുകളാണ് ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.