പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം,പോലീസിന്റെ ഗുരുതര വീഴ്ച.

പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കോടതി ജാമ്യം ലഭിച്ചു. സംസ്ഥാന സർക്കാരിന്റെയും കേസ് അന്വേഷണം നടത്തിയ പോലീസിന്റെയും ഗുരുതരമായ വീഴ്ചയാണ് പോക്‌സോ കേസിലെ പ്രതിക്ക്
ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നത്. കേസിൽ കോടതി നീതിന്യായപരമായ കർത്തവ്യം മാത്രമാണ് നിർവഹിച്ചിട്ടുള്ളത്. പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് കേസിൽ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിക്കുന്നത്. അതും ഭാഗീകമായുള്ളത് മാത്രം.
പോക്സോ വകുപ്പുകള്‍ കുറ്റപത്രത്തിൽ പോലീസ് ചുമത്തിയിരുന്നില്ല. കുറ്റപത്രം ചുമത്തുന്ന കാര്യത്തിൽ പോലും പല മുടന്തൻ ന്യായങ്ങളും നിരത്തി വൈകിപ്പിക്കുകയായിരുന്നു പോലീസ്. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയ സാഹചര്യത്തിൽ ഭാഗീകമായി പോക്‌സോ ചട്ടങ്ങൾ ഉൾപ്പെടുത്താതെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.വൈ.എസ്.പി മധുസൂധനന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയ കേസിൽ, ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്ന ന്യായം പറഞ്ഞു പോക്‌സോ വകുപ്പുകൾ ബോധപൂർവം ഒഴിവാകുകയായിരുന്നു. ഇതാണ് നീതിപീഠത്തിന് മുൻപാകെ പ്രതിക്ക് തുണയാകുന്നത്.
ഇതിന് മുമ്പ് ജൂലൈ എട്ടിന് പത്മരാജന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നതാണ്. അതിനു മുൻപ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തളളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തള്ളുന്നത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷണം നിർവഹിച്ച കേസിലാണ് ഇത്തരം ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്.
ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പാലത്തായി ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പൊലീസ് അറസറ്റ് ചെയ്തത്. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ് പ്രതി. മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിയ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ പിടികൂടുന്നത്തിനു വൈകി. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നപ്പോള്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയറുകയുണ്ടായി. ഇതിനിടെ കുട്ടിയെ ചോദ്യം ചെയ്യാനെന്നപേരിൽ മാനസിക വിഷമങ്ങൾ ഉണ്ടാക്കിയതും വിവാദമായതോടെയാണ് കേസന്വേഷണത്തിന്റെ ചുമതല ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഏറ്റെടുക്കുന്നത്. പാലക്കാട് നടന്നത് പോലെ കാക്കിയിട്ടവർ കാക്കിയെ സ്നേഹിക്കുന്ന നിലപാടാണ് പാലത്തായി കേസിലും ഉണ്ടായിരിക്കുന്നത്.
ആദ്യം കേസ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്മാർ പോക്‌സോ ചട്ടങ്ങൾ ലംഘിച്ച് നടത്തിയ കേസ് അന്വേഷണത്തെ പറ്റി ഒരു അന്വേഷണവും നടപടിയും ഉണ്ടായില്ല. ഈ പോക്‌സോ കേസിന്റെ നിലവിലുള്ള അവസ്ഥയിൽ സാമൂഹ്യ ക്ഷേമവകുപ്പും, പോലീസും ഇരയോട് കാണിച്ചിരിക്കുന്നത് നീതി രഹിത നിലപാട് തന്നെയാണ്.