രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 29ാം ദിവസം വധ ശിക്ഷ.

ഗാസിയാബാദ്/ രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി 29ാം ദിവസം പ്രതിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് രാജ്യത്ത് നീതിന്യായ രംഗത്ത് ചരിത്രം എഴുതി. ഇരയുടെ പിതാവിന്റെ അടുത്ത സുഹൃത്ത് ചന്ദൻ പാണ്ഡെ എന്നയാൾക്കാണ് ഗാസിയാബാദിലെ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജിയായ മഹേന്ദ്ര ശ്രീവാസ്തവ പരമാവധി ശിക്ഷയായ മരണശിക്ഷ വിധിച്ചിരിക്കുന്നത്.
ഡിസംബർ 29നായിരുന്നു കേസിൽ കുറ്റപത്രം നൽകികുന്നത്. ഇത്രയും വേഗത്തിൽ വിധി പറഞ്ഞത് നീതിന്യായ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണെന്നാണ് പബ്ളിക് പ്രോസിക്യൂട്ടർ പറയുന്നു. കേസിന്റെ നടപടിക്രമങ്ങളെല്ലാം വളരെ വേഗത്തിലാണ് നടന്നത്. ഒക്ടോബർ 19നാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. രക്ഷിതാക്കളുടെ പരാതി ലഭിച്ച ഉടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾക്ക് സംശയമുള്ളവരെ പോലീസ് ആദ്യം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ ഒരാൾ ചന്ദൻ പാണ്ഡെ ആയിരുന്നു.
ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റങ്ങൾ നിഷേധിക്കുകയും, അന്വേഷണത്തെ വഴിതെറ്റിക്കാനും ശ്രമിക്കുകയുണ്ടായി. വേണ്ടപോലെ ചോദ്യം ചെയ്തതോടെ തത്ത പറയും പോലെ കുറ്റം ഏറ്റുപറഞ്ഞു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയത്. ഗാസിയാബാദിനെ നടുക്കിയ കൊടും ക്രൂരതക്ക് കാരണമായ കൊലയാളിക്ക് അതിവേഗം ശിക്ഷ ലഭിക്കുകയായിരുന്നു.