എം സി ഖമറുദ്ദീൻ എംഎൽഎയ്‌ക്കെതിരായ 89 കേസും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ രജിസ്‌റ്റർചെയ്‌ത 89 കേസുകളും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം ഏറ്റെടുത്തു. പുതിയ എഫ്‌ഐആർ ഇട്ടതിനാൽ നേരത്തെ ചന്തേര പൊലീസ് സ്‌റ്റേഷനിലടക്കമുണ്ടായിരുന്ന എഫ്ഐആർ റദ്ദാക്കിയതായി പരാതിക്കാർക്ക് നോട്ടീസ് നൽകി. ജില്ലാ പൊലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷകസംഘ (എസ്ഐടി)മാകും ഇനി എല്ലാ കേസും അന്വേഷിക്കുക.
ലോക്കൽ സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിൽ കേസ് രജിസ്റ്റർചെയ്ത് എസ്ഐടിക്ക് കൈമാറും. ചന്തേര, കാസർകോട്, പയ്യന്നൂർ സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനകം ജ്വല്ലറി മാനേജരടക്കം 13 പേരെ ചോദ്യംചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ക്രൈംബ്രാഞ്ച് എതിർസത്യവാങ്‌മൂലവും നൽകി. കേസ് 27ന് പരിഗണിക്കും. ഖമറുദ്ദീന്റെ വാദം കോടതി തള്ളിയാൽ അറസ്റ്റുൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് അന്വേഷകസംഘം സൂചനനൽകി. ഫാഷൻ ഗോൾഡ് ചെയർമാൻ എം സി ഖമറുദ്ദീൻ എംഎൽഎ, എംഡി ടി കെ പൂക്കോയ തങ്ങൾ, ഡയറക്ടർ ഹാരിസ് അബ്ദുൾഖാദർ, കാസർകോട് ബ്രാഞ്ച് മാനേജർ ടി കെ ഹിഷാം എന്നിവരാണ് ഇതുവരെ പ്രതികൾ. 42 ഡയറക്ടർമാരെയും പ്രതിചേർക്കും..