സ്വർണ്ണക്കടത്തിൽ കുറ്റപത്രം നൽകാൻ വൈകുന്നു.

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് മൂലവും പ്രതികൾക്ക് ജാമ്യം കിട്ടാനുള്ള സാധ്യത വർധിക്കുകയാണ്. വിദേശത്തുള്ള ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ കഴിയാതെ വന്നതാണ് അന്വേഷണത്തിന് വിലങ്ങുതടിയാകുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിച്ചു തുടങ്ങിയ സ്ഥിതി വിശേഷമാണ് ഉള്ളത്.
നയതന്ത്ര ബാഗേജ് വഴി തിരുവന്തപുരം വിമാനത്താവളത്തിലെത്തിയ സ്വര്‍ണം പിടികൂടിയത് ജൂലൈ അഞ്ചിനായിരുന്നു. തുടർന്ന് പ്രതികളെ കസ്റ്റംസും എന്‍.ഐ.എയും അറസ്റ്റ് ചെയ്തു. കസ്റ്റംസും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസനുസരിച്ച് പരമാവധി 10 വര്‍ഷത്തില്‍ താഴെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടാല്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വഭാവിക ജാമ്യത്തിന് പ്രതികള്‍ക്ക് അര്‍ഹതയുണ്ട് എന്നതാണ് ശ്രദ്ധേയം. വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് സ്വര്‍ണം ദുബൈയില്‍ നിന്നും അയച്ചെതെന്നും വ്യാജരേഖയുണ്ടാക്കിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരുന്നെങ്കിലും, ഇത് വരെ പിടി കൂടി വീട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. നിയമതടസമുള്ളതിനാല്‍ വിദേശത്തുള്ള ഫൈസലിനെ നാട്ടിലെത്തിക്കാനും അറസ്റ്റ് രേഖപ്പെടുത്താനും ഇതുവരെയും സാധിച്ചിട്ടില്ല. ഫൈസലിപ്പോള്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ദുബൈയിലാണ് ഉള്ളത്. കുറ്റപത്രവും കസ്റ്റംസിനും ഇഡിക്കും സമര്‍പ്പിക്കാൻ കഴിയാതെ വന്നതിനാലാണ് കെ.ടി റമീസ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. എന്‍. ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയിട്ടുള്ളതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കണമെങ്കില്‍ വിദേശത്തുള്ള പ്രതികളെ എത്തിക്കണമെന്നതിനാല്‍ അതിനുള്ള ശ്രമം എന്‍.ഐ.എ നടത്തിവരുകയാണ്.