ഡൽഹിയിൽ ചികിത്സ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു; ഡോക്ടർമാരെ വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കൾ
ന്യൂഡൽഹി: കോവിഡ് രോഗി മരിച്ചതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം ഡോക്ടർമാരെ മർദ്ദിച്ചു. സംഭവത്തിൽ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും പരിക്കേറ്റു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം.
കിടക്കകളുടെ അഭാവം കാരണം െഎ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതോടെ ബന്ധുക്കൾ അക്രമാസക്തരായി. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ആരോഗ്യസ്ഥിതി മോശമായെങ്കിലും െഎ.സി.യുവിലേക്ക് മാറ്റാനായില്ല.
തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി. ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കൾ ഡോക്ടർമാരെയും നഴ്സുമാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഏതാനും പേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
അക്രമത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാസ്കണിഞ്ഞ് ചാരനിറത്തിലുള്ള ഷർട്ട് ധരിച്ചയാൾ വലിയ വടി ഉപയോഗിച്ച് ആക്രമിക്കുന്നത് വിഡിയോയിൽ കാണാം. ഇയാളെ തടഞ്ഞുവെക്കാൻ സുരക്ഷജീവനക്കാർ ശ്രമിക്കുന്നുണ്ട്. കൂടാതെ ഒരു സ്ത്രീ അയാളെ അടിക്കൂ എന്ന് പറയുന്നതും കേൾക്കാം. അതേസമയം, പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.