കൊറോണ വ്യാപനം: കരുതലോടെ രാജ്യം; ഡെൽഹിയിൽ ഒരാഴ്ചത്തെ കർഫ്യൂ പ്രഖ്യാപിച്ചു
ന്യൂ ഡെൽഹി: കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം കുതിച്ചുയരുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. കൊറോണ വർധന കണക്കിലെടുത്ത് ഡെൽഹിയിൽ ഒരാഴ്ചത്തേക്ക് കർഫ്യൂ പ്രഖ്യപിച്ചു. അടുത്ത തിങ്കളാഴ്ച വരെയാണ് കർഫ്യൂ.
ലഫ്റ്റനൻറ് ഗവർണറുമായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഞായറാഴ്ച 25,462 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് കടന്നത്.
അവശ്യ സർവീസുകളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുമെന്നാണ് വിവരം. സർക്കാർ ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്. കർഫ്യൂ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കേജരിവാൾ വാർത്താ സമ്മേളനം നടത്തി മാധ്യമങ്ങളെ അറിയിക്കും.