എയര്‍പോര്‍ട്ടുകളിലെ കോവിഡ് കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ്

എയര്‍പോര്‍ട്ടുകളിലുള്ള ആര്‍ടിപിസിആര്‍ കോവിഡ് പരിശോധനകളില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ അടൂര്‍ പ്രകാശ് രംഗത്ത്. RT PCR ടെസ്റ്റ്ഫീസിന്റെ പേരില്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോടും കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരോടും ആവശ്യപ്പെട്ടു. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
കോവിഡ്‌കൊള്ള, കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ RT -PCR ടെസ്റ്റ്ഫീസിന്റെ പേരില്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോടും കേന്ദ്ര- സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരോടും ആവശ്യപ്പെട്ടു.കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്നും ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ കോവിഡ് ടെസ്റ്റ് RTPCR നടത്തിയ ശേഷമേ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തു പോകുവാന്‍ പാടുള്ളുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ മറവില്‍ കേരളത്തില്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം.
വിജയവാഡ, ചണ്ഡീഗഡ്, വാരണസി, മധുര തുടങ്ങിയ എയര്‍പോര്‍ട്ടുകളില്‍ RT-PCRടെസ്റ്റ് സൗജന്യമായും ഇന്ത്യയിലെ മറ്റ് ഭൂരിഭാഗം എയര്‍പോര്‍ട്ടുകളിലും ടെസ്റ്റിന് 500 മുതല്‍ 900 രൂപ വരെ ഈടാക്കുമ്പോള്‍ കേരളത്തില്‍ ടെസ്റ്റിന് 1700 രൂപയാണ് ഈടാക്കുന്നത്. ജോലി നഷ്ടപ്പെട്ടും പലവിധ പ്രതിസന്ധികളില്‍ അകപ്പെട്ടും നാട്ടില്‍ വരുന്നവരാണ് ഗള്‍ഫില്‍ നിന്നും വരുന്ന ഭൂരിഭാഗം യാത്രക്കാരും. പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത അവസാനിപ്പിക്കണം.
ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ വിദേശത്തു നിന്നും വരുന്നവര്‍ക്ക് പ്രായഭേദമന്യേ അതാത് രാജ്യങ്ങളില്‍ നിന്നും എടുത്ത 72 മണിക്കൂറിനകമുള്ള നെഗറ്റീവ് PCR സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനു പ്രവാസികള്‍ ഏകദേശം 3000 മുതല്‍ 5000 രൂപ വരെ വിദേശ രാജ്യങ്ങളില്‍ മുടക്കേണ്ടിവരുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ വീണ്ടും 1700 മുടക്കി എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ കോവിഡ് ടെസ്റ്റ് നടത്തുന്നത് പ്രവാസികള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമാണ്. എയര്‍പോര്‍ട്ടില്‍ ടെസ്റ്റ് നടത്തണമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തിന്റെ മറവില്‍ സ്വകാര്യ ലാബുകളുമായി ചേര്‍ന്ന് അധികൃതര്‍ നടത്തുന്ന ഈ കൊള്ള അവസിപ്പിക്കണം. ടെസ്റ്റ് നിരക്ക് കുറയ്ക്കുകയോ സൗജന്യമാക്കുകയോ ചെയ്യണം.