ഗുരുവായൂര്‍ പ്രധാന തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രധാന തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് (71) അന്തരിച്ചു. 2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി ആയിരുന്നു അദ്ദേഹം. ക്ഷേത്രം ഭരണ സമിതി അംഗവുമായിരുന്നു. കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് അന്ത്യം. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത് എത്തിച്ച് സംസ്‌കരിക്കും.
കോവിഡ് ബാധിതനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം ആറു ദിവസം വെന്റിലേറ്ററിലായിരുന്നു. മരണസമയത്ത് കോവിഡ് നെഗറ്റിവായിരുന്നു. സെപ്റ്റംബര്‍ 16ന് നടന്ന മേല്‍ശാന്തി നറുക്കെടുപ്പിനാണ് അവസാനമായി അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്.
ദീര്‍ഘകാലം ക്ഷേത്രം മുഖ്യതന്ത്രിയായിരുന്ന ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മൂത്തമകനാണ്. മുന്‍ തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിനുശേഷം 2014 ജനുവരി 24 നാണ് ഗുരുവായൂര്‍ ക്ഷേത്രം മുഖ്യതന്ത്രിയായി ചുമതലയേറ്റത്. എംഎ ഇംഗ്ലിഷ് ബിരുദധാരിയായ ഇദ്ദേഹം നെടുങ്ങാടി ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുചിത്ര അന്തര്‍ജനം. മകന്‍ : ശ്രീകാന്ത് നമ്പൂതിരി. മരുമകള്‍: അഖില.