Kerala NewsLatest News

ഡെല്‍റ്റ പ്ലസ് വൈറസ് ഭീതിയില്‍ കേരളം: പാലക്കാട്ടെ രണ്ട് പഞ്ചായത്തുകള്‍ ഒരാഴ്ച അടച്ചിടും

കോവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് ഭീതിയില്‍ സംസ്ഥാനം. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പാലക്കാട് ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ ഏഴ് ദിവസം പൂര്‍ണമായും അടച്ചിടും.

പാലക്കാട് രണ്ട് ഡെല്‍റ്റ പ്ലസ് കേസുകളാണ് സ്ഥിരീകരിച്ചത്. പറളി, പിരായിരി പഞ്ചായത്തുകളിലാണിത്. രണ്ട് സ്ത്രീകള്‍ക്കാണ് സ്ഥിരീകരിച്ചത്. ഈ രണ്ട് പഞ്ചായത്തുകളും പൂര്‍ണമായി അടച്ചിടും. കോവിഡ് ഇളവുകളൊന്നും ഈ പഞ്ചായത്തുകളിലുണ്ടാവില്ല. രാവിലെ 9 മുതല്‍‌ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. വളണ്ടിയര്‍മാര്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിച്ചുനല്‍കും.

സംസ്ഥാനത്ത് അദ്യമായി കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്തിലും പരിശോധനകളും ജാഗ്രതയും ശക്തമാക്കി. രോഗം സ്ഥിരീകരിച്ച പ്രദേശത്തടക്കം പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശന നടത്തും. കടപ്രയിലെ രോഗ വ്യാപന നിരക്കില്‍ വര്‍ധനവുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നതിന് മുന്‍പ് ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം കൂടി സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇതനുസരിച്ചാണ് കോവിഡ് ഡെല്‍റ്റ പ്ലസ് റിപ്പോര്‍ട്ട് ചെയ്ത കടപ്ര പഞ്ചായത്തില്‍ പരിശോധനകളും പ്രതിരോധ നടപടികളും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ടിപിആര്‍ നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളിലും കോളനികള്‍ കേന്ദ്രീകരിച്ചും പ്രത്യേകം ശ്രദ്ധ ചെലുത്തും. കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്ന് അറിയുന്നതിനായി റാന്‍ഡം രീതിയില്‍ സാംപിളുകള്‍ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് ബാധിതരായവരെയും രോഗലക്ഷണമുള്ളവരെയുമാണ് ആദ്യം പരിശോധനയ്ക്ക് വിധേയരാക്കുക. ഇവരുടെ സ്രവ സാമ്ബിളുകള്‍ കൂടി ജിനോമിക് പരിശോധനയ്ക്കായി ഡല്‍ഹിയിലേക്ക് അയയ്ക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലയില്‍ വരും ദിവസം പ്രത്യേക മെഡിക്കല്‍ ടീം സന്ദര്‍ശിക്കും. മെയ് 24ന് നാല് വയസുകാരന് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചതോടെ കടപ്ര പഞ്ചായത്തിലെ 18 പേരെ വിദഗ്ധ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വൈറസ് വകഭേദം. രാജ്യത്ത് ഇതുവരെ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ പുതിയ വകഭേദം അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികള്‍, പരിശോധന, വാക്സിനേഷന്‍ എന്നിവ വേഗത്തിലാക്കാനാണ് നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button