കുടുംബവാഴ്ചക്കെതിരെ തുറന്ന വിമര്‍ശനം; ശശി തരൂര്‍ എംപിയ്ക്കെതിരെ ഹൈക്കമാന്‍ഡിൽ കടുത്ത അതൃപ്തി
കുടുംബവാഴ്ചക്കെതിരെ തുറന്ന വിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപിയുടെ നടപടിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്കി. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാവില്ലെന്ന തരൂരിന്റെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.
പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ പ്രോജക്ട് സിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂര്‍ കുടുംബവാഴ്ചയെ വിമര്‍ശിച്ചത്. നെഹ്റു മുതല്‍ പ്രിയങ്ക ഗാന്ധി വരെയുള്ള നേതാക്കളെ പരാമര്‍ശിച്ച തരൂര്‍, പരിചയത്തേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്കുന്ന രാഷ്ട്രീയരീതിയെ ചോദ്യം ചെയ്യുന്നു.
“സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു, തുടര്‍ന്ന് ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്റു–ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി ചേര്‍ന്നതാണ്. എന്നാല്‍ ഈ പാരമ്പര്യം രാഷ്ട്രീയ നേതൃത്വത്തെ ഒരു ജന്മാവകാശമായി കാണുന്ന സംസ്കാരത്തിന് വഴിവെച്ചു,” എന്ന് തരൂര്‍ ലേഖനത്തില്‍ കുറിക്കുന്നു.
തരൂരിന്റെ വാദപ്രകാരം, പാരമ്പര്യാധിഷ്ഠിത രാഷ്ട്രീയരീതി ഭരണനേതൃത്വത്തിന്റെ നിലവാരം താഴ്ത്തുകയും സ്ഥാനാര്‍ഥികളുടെ യോഗ്യത കുടുംബപ്പേരില്‍ ചുരുങ്ങുകയും ചെയ്യുന്നു. ജനങ്ങളോടുള്ള ഇടപെടല്‍ കുറയുകയും ഉത്തരവാദിത്വബോധം ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. കഴിവിനും പ്രകടനത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത് എന്നും കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്കരണം ആവശ്യമാണ് എന്നും തരൂര്‍ അഭിപ്രായപ്പെടുന്നു.
തരൂരിന്റെ ലേഖനം രാഷ്ട്രീയരംഗത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍, ബിജെപി തരൂരിന്റെ ലേഖനം ആയുധമാക്കി. ലേഖനം രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും ലക്ഷ്യമിട്ടതാണെന്ന് ബിജെപി ആരോപിച്ചു. “തരൂരിന്റെ ലേഖനം ദൂരദൃഷ്ടിയുള്ളതും നെഹ്റു കുടുംബം ഇന്ത്യന്‍ രാഷ്ട്രീയത്തെ എങ്ങനെ കുടുംബ ബിസിനസാക്കി മാറ്റിയെന്നതിന്റെ തെളിവുമാണ്” എന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.
Tag: High command expresses deep dissatisfaction over Shashi Tharoor MP’s open criticism of family rule
				


