ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളികൾ ഉടൻ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളികൾ ഉടൻ തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സ്വർണ്ണപ്പാളികൾ ഇതിനകം ഉരുക്കിയ നിലയിലായതിനാൽ, അറ്റകുറ്റപ്പണി പൂർത്തിയായ ശേഷമേ തിരിച്ചെത്തിക്കാനാവൂവെന്നാണ് ബോർഡിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ബോർഡിന് വേണ്ടി സ്റ്റാൻഡിംഗ് കൗൺസിൽ ജി. ബിജു ഹാജരാകും.
ഹൈക്കോടതി അനുമതിയില്ലാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് മാറ്റിയ സംഭവത്തിൽ ദേവസ്വം ബോർഡിനോട് ഇന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ വ്യക്തമാക്കണമെന്നായിരുന്നു ദേവസ്വം ബെഞ്ച് ഇന്നലെ നൽകിയ നിർദേശം.
ഹൈക്കോടതി ഉത്തരവ് മനഃപൂർവം ലംഘിച്ചതാണ് ദേവസ്വം ബോർഡ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ സന്നിധാനത്ത് സ്വർണ്ണപ്പണി നടത്താൻ കഴിയില്ലെന്നതാണ് നിലവിലുള്ള കോടതി ഉത്തരവ്. ഇത് നിലനിൽക്കെ സ്വർണ്ണപ്പാളികൾ മാറ്റിയതിൽ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നതാണ് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. ഹൈക്കോടതി ദേവസ്വം ബെഞ്ചും അതേ നിലപാട് സ്വീകരിച്ചു. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Tag: Devaswom Board says gold plating on Sabarimala Dwarapalaka sculptures cannot be brought back immediately