ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും

ശബരിമല സ്വർണപ്പാളി കേസിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ദ്വാരപാലക ശിൽപ്പത്തിലെ പാളി ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. 2019-ൽ ശബരിമലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടി സ്വീകരിച്ചത്.
ഇന്നും ദേവസ്വം ബോർഡ് യോഗം തുടരുകയാണ്. വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ ആലോചിക്കുന്നു. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാനുള്ള നീക്കമാണ് ബോർഡിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്. കൂടാതെ, സ്പോൺസർമാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുതിയ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരാനും ദേവസ്വം ബോർഡ് ആലോചിച്ചുകൊണ്ടിരിക്കുന്നു.
അതേസമയം, സ്മാർട്ട് ക്രിയേഷൻസ് മുഖേന ദ്വാരപാലക ശിൽപ്പങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുണ്ടായിരുന്ന വാറന്റി റദ്ദാക്കാനും ഇനി ദേവസ്വം ബോർഡ് നേരിട്ടുതന്നെ മേൽനോട്ടം വഹിക്കാനും തീരുമാനിച്ചു. ഇതിന് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുരാരി ബാബുവിനെയും ഉൾപ്പെടെ സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതും ബോർഡ് പരിഗണനയിലുണ്ട്. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. ഉദ്യോഗസ്ഥർ ഭാഗത്ത് നിന്ന് നോട്ടക്കുറവ് ഉണ്ടായോയെന്നതും പ്രത്യേകം പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് വ്യക്തമാക്കി.
അതേസമയം, സ്വർണപ്പാളി മോഷണത്തിൽ തനിക്ക് പങ്കില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുരാരി ബാബു പ്രതികരിച്ചു. “ചെമ്പ് പാളിയെന്ന രേഖ തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയതും, വിജയ് മല്ല്യ നടത്തിയ സ്വർണപൂശ് എല്ലായിടത്തും ഒരുപോലെ ആയിരുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു. “ദേവസ്വം ബോർഡിന്റെ നടപടി ശിരസാവഹിക്കുന്നു. വിമർശനമില്ല. ഞാൻ 30 വർഷം ദേവസ്വം വക സർവീസിൽ പ്രവർത്തിച്ചയാളാണ്. നിയമനടപടിക്ക് പോകാനില്ല,” എന്നും മുരാരി ബാബു വ്യക്തമാക്കി.
Tag: Devaswom Vigilance to submit final report on Sabarimala gold jewellery case on Friday