സുശാന്തുമായി ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്ന് റിയ ചക്രവര്‍ത്തി സുപ്രീം കോടതിയിൽ.

അന്തരിച്ച ചലച്ചിത്രതാരം സുശാന്ത് സിങ് രജ്പുത്തിനൊപ്പം ഒരു വര്‍ഷം താമസിച്ചിരുന്നെന്നും ജൂണ്‍ എട്ടിനാണ് അവിടെനിന്നു മാറിയതെന്നും, താനും സുശാന്തും ഒരു വര്‍ഷത്തോളം ലിവ് ഇന്‍ റിലേഷനിലായിരുന്നുവെന്നും, നടിയും സുഹൃത്തുമായ റിയ ചക്രവര്‍ത്തി സുപ്രീം കോടതിയിൽ. ജൂണ്‍ എട്ടിന് താന്‍ വീട്ടിലേക്കു മടങ്ങിയതായും, സുശാന്ത് വിഷാദത്തിനു ചികില്‍സയിലായിരുന്നുവെന്നും റിയ ഹര്‍ജിയില്‍ പറയുന്നു. ഇതിന് ആറു ദിവസത്തിനുശേഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുന്നത്.
റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് പറഞ്ഞിരുന്നതായി സുശാന്തിന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയിരുന്നു. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകളും അങ്കിത പൊലീസിനു കൈമാറിയിരുന്നതാണ്. സുശാന്തിന്‍റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന നടി കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.
സുശാന്തിന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് ബോളിവുഡിൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. റിയ ചക്രവര്‍ത്തി, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി, ആദിത്യ ചോപ്ര, മുകേഷ് ചബ്ര, ശേഖര്‍ കപൂര്‍, രാജീവ് മസന്ദ് തുടങ്ങി 40 ഓളം പേരെയാണ് ഇതിനകം പോലീസ് ചോദ്യം ചെയ്തിട്ടുള്ളത്. സുശാന്തിന്റെ പിതാവ് നൽകിയ പരാതിയില്‍ റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തിരുന്നു.