ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യ ദുരന്തം; എട്ട് മരണം
അലിഗഡ്: ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യം കഴിച്ച് എട്ടു പേര് മരിച്ചു. അലിഗഡിലാണ് ദുരന്തം . ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പ്രതികരിച്ചു .
കര്‍സിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ച് രണ്ട് പേര് മരിച്ചെന്നുള്ള വിവരം ലോധ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പോലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോള്‍ കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലും ആറ് പേര് കൂടി മരിച്ചതായി പോലീസ് കണ്ടെത്തുകയായിരുന്നു.
ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ അഞ്ച് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. ശര്‍മ്മ പറഞ്ഞു.