ബക്രീദ് ഇളവുകള്‍: തിരക്ക് നിയന്ത്രിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം, നിരീക്ഷണം ശക്തമാക്കാനൊരുങ്ങി പോലീസ്
തിരുവനന്തപുരം: ബക്രീദിനോടനുബന്ധിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ച്ചയായി മൂന്ന് ദിവസം കടകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നാല്‍പതാക്കിയിട്ടുണ്ട്്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും സമ്പര്‍ക്കം പുലര്‍ത്തും. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും.
കടകളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദ്ദേശമുണ്ട്. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന്് ഉറപ്പാക്കാന്‍ പോലീസ് അനൗണ്‍സ്മെന്റ് നടത്തും. ഇക്കാര്യം ജനങ്ങളിലേ്ക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ പരമാവധി വിനിയോഗിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കുമെന്നും ഡിജിപി വ്യക്തമാക്കി. ബീറ്റ് പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍, മൊബൈല്‍ പട്രോള്‍ എന്നീ യൂണിറ്റുകള്‍ സദാസമയവും നിരത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.