കുണ്ടറ പീഡനം; ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് തേടി
കൊല്ലം: യുവതിക്കെതിരായ പീഡന പരാതിയില്‍ അനാവശ്യമായി ഇടപെട്ടന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ പോലീസിന്‍ നേരെ യുവതി ഉയര്‍ത്തിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി അനില്‍കാന്ത്. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. അന്വേഷണ ചുമതല ദക്ഷിണ മേഖല ഐജി ഹര്‍ഷിതയ്ക്കാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ തന്റെ കൈയില്‍ കടന്നു പിടിച്ചെന്നാണ് യുവതിയുടെ പരാതി. യുവതി പോലീസില്‍ പരാതിപ്പെട്ടിടും വേണ്ട നടപടികള്‍ ഇതുവരെ പൊലീസ് സ്വീകരിച്ചിട്ടില്ലെന്ന് യുവതിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ട് കേസ് വിവാദമായതോടെ പോലീസ് കേസ് അന്വേഷണം ആരംഭിച്ചിരുന്നു. ഐപിസി 354 സ്ത്രീത്വത്തെ അപമാനിച്ചു, ഐപിസി 509/34 ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ബാറുടമയും എന്‍സിപി നിര്‍വാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിക്കാരിയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്ത ശേഷം ജാമ്യമില്ലാ വകുപ്പിലാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.