പാന്റിന്റെ സിപ് അഴിക്കുന്നതും, പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും ലൈംഗിക അതിക്രമമല്ല

നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ 50 കാരന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവ്. ജനുവരി 15നാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.
ലിബ്നസ് കുജൂര്‍ എന്ന 50 കാരനെതിരെ 354-A(1), ഐപിസി 448, പോക്സോ സെക്ഷന്‍ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാല്‍ ലൈംഗികാതിക്രമം നടന്നടതായി തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം 39 കാരനെ വെറുതെവിട്ടു കൊണ്ട് മറ്റൊരു കേസില്‍ ഇതേ ജഡ്ജി വിധിച്ചത് നേരത്തെ വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ മാറിടത്തില്‍ തടവുന്നത് പോക്‌സോ പ്രകാരം ലൈംഗിക പീഡനമാവില്ലെന്നായിരുന്നു അന്നത്തെ വിധി. ഈ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയുമുണ്ടായി.