വിജയ്ക്ക് പുറകെ ധനുഷിന്റെ ഹര്‍ജിയും ഹൈക്കോടതി തള്ളി
ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് പുറകെ ആഡംബര കാറിന് നികുതിയിളവ് തേടി ഹൈക്കോടതിയെ സമീപിച്ച ധനുഷിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2015ല്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ പ്രവേശന നികുതിയില്‍ ഇളവ് തേടിയാണ് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.എം. സുബ്രഹ്മണ്യന്റെ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ടവര്‍ വരെ നികുതി അടയ്ക്കുന്നുവെന്നും അവരൊന്നും ഇളവ് തേടി കോടതികളെ സമീപിക്കുന്നില്ലെന്നും അതേസമയം പണക്കാര്‍ എന്തിനാണ് നികുതിയിളവ് തേടി കോടതികളെ സമീപിക്കുന്നതെന്ന ചോദ്യമായിരുന്നു ജഡ്ജി ഉന്നയിച്ചത്. നിങ്ങളുടെ ഉദ്ദേശം സത്യസന്ധമാണെങ്കില്‍ സുപ്രീം കോടതി വിഷയം തീര്‍പ്പാക്കിയ 2018ന് ശേഷമെങ്കിലും നികുതി അടയ്ക്കണമായിരുന്നു.
പക്ഷേ ഹൈക്കോടതി പഴയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ അത് പിന്‍വലിക്കണമെന്ന അപേക്ഷയുമായി എത്തുകയാണ്. നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നതെന്ന രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി പറഞ്ഞത്.
ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കൊമേഴ്ഷ്യല്‍ ടാക്സ് വിഭാഗത്തിന്റെ എന്‍ഒസി ആവശ്യപ്പെട്ടതോടെയാണ് നികുതി ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ധനുഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
സമാനമായ രീതിയില്‍ തിമിഴ് നടന്‍ വിജയ് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ നികുതിയുമായി ബന്ധപ്പെട്ട കേസ് സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. അന്ന് വിജയ് യുടെ ഹര്‍ജി തള്ളുകയും വിജയ് യെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത എസ്.എം. സുബ്രഹ്മണ്യന് തന്നെയാണ് ധനുഷിന്റെ ഹര്‍ജിയും പരിഗണിച്ചത്. അന്ന് സിനിമയിലെ ഹീറോ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആയി മാറരുതെന്നായിരുന്നു വിജയ് യുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചത്.