ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ സുരാജ് പങ്കെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ധര്‍മ്മജന്‍

തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രതികരണം എന്ന ഭീതി മാറ്റിവെച്ച് സിനിമാതാരങ്ങള്‍ തങ്ങളുടെ വ്യക്തിരാഷ്ട്രീയം പരസ്യമാക്കുമ്ബോള്‍ കൂടുതല്‍ താരങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നു. ഐശ്വര്യ കേരളയാത്ര എത്തുമ്ബോള്‍ സുരാജ് വെഞ്ഞാറമൂട് അണി ചേര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പ്രതികരണം.
സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതില്‍ കാര്യമില്ല. വലതുപക്ഷ കൂട്ടായ്മണയാണ് സിനിമയില്‍ കൂടുതലെന്നും കലാകാരന്മാര്‍ കൂടുതലും വലതുപക്ഷക്കാരാണെന്നും ധര്‍മ്മജന്‍ പറയുന്നു. താന്‍ ജനിച്ചു വളര്‍ന്ന മണ്ഡലമാണ് വൈപ്പിനെങ്കിലും ബാലുശ്ശേരിയിലും ബന്ധങ്ങളുണ്ടെന്നും പറഞ്ഞു. സിപിഎം തട്ടകമായ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.
കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഇതില്‍ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര പുരോഗമിക്കുമ്ബോള്‍ കൂടുതല്‍ സിനിമാതാരങ്ങള്‍ യാത്രയുടെ ഭാഗമാകുന്നുണ്ട്. യാത്ര ഹരിപ്പാട് എത്തിയപ്പോള്‍ നേരത്തേ രമേഷ് പിഷാരടിയും ഇടവേള ബാബുവും പങ്കെടുത്തിരുന്നു. താന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന വെളിപ്പെടുത്തലുകളുമായി പിഷാരടി എത്തുകയും ചെയ്തിരുന്നു.
അതേസമയം സിനിമാതാരങ്ങളുടെ കോണ്‍ഗ്രസ് പ്രവേശനം ടൈറ്റാനിക്കിലേക്ക് ടിക്കറ്റ് എടുത്തതിന് തുല്യമാണെന്നായിരുന്നു സിനിമാതാരങ്ങളുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്റെ പ്രതികരണം.
രാഷ്ട്രീയ ബോദ്ധ്യമുള്ള കലാകാരന്മാരല്ല കോണ്‍ഗ്രസിലേക്ക് പോയതെന്നും പറഞ്ഞു. കലാകാരന്മാരെ കൊണ്ടുവരാന്‍ എല്‍ഡിഎഫ് തീരുമാനം എടുത്താല്‍ കൂടുതല്‍ കലാകാരന്മാര്‍ ഇടതുപക്ഷത്തിനൊപ്പം അണിചേരുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.