Kerala NewsLatest NewsUncategorized

സ്‌നേഹത്തിന്റേതായ ഒരു രാഷ്ട്രീയമൊന്നുമില്ലല്ലോ; ‘അവർക്ക് കെ ആർ നാരായണൻ പോലും കോട്ടിട്ട ദളിതൻ’; ധർമ്മജനെതിരായ പരിഹാസങ്ങളെ വിമർശിച്ച്‌ നടൻ സലീം കുമാർ

നിയമസഭ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയാണ് നടൻ ധർമ്മജൻ. ധർമ്മജൻ സ്ഥാനാർത്ഥിയാകുന്നു എന്ന വാർത്തകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ താരത്തിനെതിരെ പരിഹാസവുമായി ഇടത് അനുകൂലികൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, അത്തരം പരിഹാസങ്ങളെ വിമർശിക്കുകയാണ് നടൻ സലീം കുമാർ.

സലീം കുമാറിന്റെ വാക്കുകൾ:

‘കെ ആർ നാരായണനോട് ചെയ്തത് ഏറ്റവും വലിയ പോക്കിരിത്തരങ്ങളിൽ ഒന്നാണ്. ഒറ്റപ്പാലം എന്ന സംവരണ സീറ്റ് കൊടുത്തത്. ഒരു അന്താരാഷ്ട്ര പ്രശസ്തിയുള്ള മനുഷ്യന് കോൺഗ്രസുകാർ ഒറ്റപ്പാലം സംവരണ സീറ്റാണ് കൊടുത്തത്. അദ്ദേഹം അവിടെ ജയിക്കുകയും ചെയ്തു. അപ്പോൾ കമ്മ്യൂണിസ്റ്റുകാർ കോട്ടിട്ട ദളിതനോ എന്നാണ് ചോദിച്ചത്. അതുകൊണ്ട് ധർമ്മജൻ സിനിമാക്കാർ എന്നൊന്നുമില്ല. തങ്ങൾക്കെതിരെ ആരൊക്കെ വന്നാലും അവർ കുഴപ്പക്കാരാണ്. സ്‌നേഹത്തിന്റേതായ ഒരു രാഷ്ട്രീയമൊന്നുമില്ലല്ലോ. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ്. സിനിമാക്കാർ എന്ന് പറഞ്ഞാൽ കർഷകരെ പോലെ മറ്റൊരു ജോലി ചെയ്ത് ജീവിക്കുന്നവരാണ്. സിനിമാക്കാരനെ ആക്ഷേപിക്കുന്നവർ കർഷകരെയും, ചെത്തുകാരനെയും, മീൻകാരനെയും ആക്ഷേപിക്കും’

കെ എം സച്ചിൻ ദേവാണ് ബാലുശ്ശേരിയിൽ നിന്ന് മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥി. ബാലുശ്ശേരിയിൽ നിന്ന് മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് ധർമ്മജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷൻ കടലുണ്ടിയാണ് നിലവിലെ എംഎൽഎ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷൻ കടലുണ്ടി വിജയിച്ചത്. അതിന് മുമ്ബും പുരുഷൻ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയിൽ ധർമ്മജൻ അല്ല, മോഹൻലാൽ വന്ന് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷൻ കടലുണ്ടി പ്രതികരിച്ചിരുന്നു. എങ്കിലും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് ധർമ്മജൻ.

പ്രധാനപ്പെട്ട കുറച്ചു സീറ്റുകളൊഴിച്ചാൽ മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക ഏകദേശം പൂർത്തിയായി കഴിഞ്ഞു. സ്ഥാനാർത്ഥികൾ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാലുശ്ശേരിയിൽ പ്രചാരണത്തിന് ഇറങ്ങിയ ധർമ്മജനും സിപിഎം സ്ഥാനാർത്ഥി സച്ചിൻ ദേവും കണ്ടുമുട്ടുകയായിരുന്നു. ചിരിച്ചുകൊണ്ട് ഇരുവരും ഷേക്ക് ഹാൻഡ് കൈമാറി വിജയാശംസകൾ നേർന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബാലുശ്ശേരിയിലേക്ക് താമസം മാറിയ ധർമ്മജന്റെ താമസസൗകര്യത്തെകുറിച്ചെല്ലാം സച്ചിൻ അന്വേഷിക്കുന്നുണ്ട്. ഒടുവിൽ വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഇരുവരും പിരിയുന്നത്. പ്രചരണത്തിൽ നടൻ രമേഷ് പിഷാരടിയും പങ്കെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button