
ധര്‍മ്മസ്ഥലയില്‍ നടന്നതായി ആരോപണമുള്ള കൂട്ടക്കൊലയും മൃതദേഹങ്ങള്‍ മറവുചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്നും പരിശോധന തുടരും. മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്നും ഉള്‍ക്കാട്ടിലെ മൂന്ന് പോയിന്റുകളില്‍ പരിശോധന നടക്കും. ഇവിടങ്ങളിലേക്ക് ജെസിബി കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാല്‍ കുഴിയെടുക്കാന്‍ പഞ്ചായത്തിന്റെ തൊഴിലാളികളെയാണ് നിയോഗിച്ചിരിക്കുന്നത്.
എസ്‌ഐടി മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഓരോ സ്ഥലത്തും ഒരേസമയം പരിശോധന നടത്തും. പുത്തൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ്‌ഐടി ഓഫീസില്‍ എത്തി ഡിഐജി എം.എന്‍ അനുചേതുമായി കൂടിക്കാഴ്ച നടത്തി.
മുന്‍പ് സാക്ഷി ചൂണ്ടിക്കാട്ടിയ ആദ്യ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ആദ്യമായി മൂന്ന് അടി കൈകൊണ്ട് കുഴിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പരിശോധന വ്യാപിപ്പിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. പുഴയ്ക്കു ചേര്‍ന്ന ഭാഗമായതിനാല്‍ മൂന്ന് അടി കുഴിച്ചപ്പോഴേക്കും വെള്ളം കയറുകയും ഇടവിട്ടുള്ള മഴയും പരിശോധനയെ ദുഷ്കരമാക്കുകയും ചെയ്തു.
പുത്തൂര്‍ റവന്യൂ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍, ഫോറന്‍സിക് വിദഗ്ധര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ എന്നിവരടങ്ങിയ വലിയൊരു സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ഡിഐജി അനുചേത് സ്ഥലത്തെത്തി. തുടര്‍ന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധന നടത്തി.
Tag: Dharmasthala case: Inspections continue at three locations today following the revelation of the sanitation worker