
ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡി.സി.പി സൗമ്യലത ഐപിഎസ് പിന്മാറി. ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിജിപി പ്രണബ് മോഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ സൗമ്യലതയുടെ പിന്മാറ്റം അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാൻ പകരക്കാരനെ ഉടൻ നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ധർമസ്ഥല കേസ് അന്വേഷിക്കാൻ 20 അംഗങ്ങളടങ്ങിയ പ്രത്യേക അന്വേഷണ സംഘം നിയമിച്ചത്. നാല് ഉപസംഘങ്ങളായി വിഭജിച്ചാണ് സംഘം അന്വേഷണം ആരംഭിച്ചിരുന്നത്. ഐജി എം.എൻ. അനുചേത്, എസ്.പി ജിതേന്ദ്രകുമാർ ദായം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലെ മറ്റ് പ്രധാന അംഗങ്ങൾ.
ധർമസ്ഥലയിൽ മുമ്പ് ശുചീകരണതൊഴിലാളിയായി ജോലി ചെയ്തയാളുടെ വെളിപ്പെടുത്തലും തുടര്‍ന്നുണ്ടായ ആരോപണങ്ങളും മാധ്യമവിവരങ്ങളുമാണ് കേസിനെ ശ്രദ്ധയിലാക്കി സർക്കാർ നടപടി സ്വീകരിക്കാൻ ഇടയായത്. അന്വേഷണം നീണ്ടുനിൽക്കുന്നുവെന്ന വിമർശനങ്ങൾക്കിടയിലാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.
ഇതിനോടനുബന്ധിച്ച് അന്വേഷണ സംഘം ദക്ഷിണ കന്നഡ എസ്.പി ഓഫിസിലും ധർമസ്ഥല പൊലിസ് സ്റ്റേഷനിലും എത്തി ആവശ്യമായ രേഖകളും വിവരങ്ങളും ശേഖരിക്കാൻ ഒരുങ്ങുകയാണ്.
അതേസമയം, ധർമസ്ഥല ക്ഷേത്രത്തെയും ഹെഗഡേ കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിൽ വന്നതിനെതിരായി ഫയല്‍ ചെയ്ത ഹർജി പരിഗണിക്കാനാണ് കർണാടക സെഷൻസ് കോടതിയുടെ വിധിക്കെതിരായ ഹർജി സുപ്രീം കോടതി വിസമ്മതിച്ചത്.
Tag: Dharmasthala case investigation; DCP Soumyalatha IPS withdraws from investigation team