ധർമ്മസ്ഥല കേസ്; ലോറിയുടമ മനാഫിന്റെ മൊഴി ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും
ധർമ്മസ്ഥല ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിൽ ലോറിയുടമ മനാഫിന്റെ മൊഴി ഇന്ന് പ്രത്യേക അന്വേഷണസംഘം (SIT) രേഖപ്പെടുത്തും. നേരത്തെ നൽകിയ നോട്ടീസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്യലിനാണ് നടപടി. തന്റെ പക്കൽ തെളിവുകളുണ്ടെങ്കിൽ അവ സമർപ്പിക്കണമെന്നും അന്വേഷണ സംഘം നിർദ്ദേശിച്ചിട്ടുണ്ട്.
ബൽത്തങ്ങടിയിലെ SIT ഓഫീസിൽ രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് മനാഫിന് നിർദ്ദേശം. ഇതിന്റെ ഭാഗമായി കഴിഞ്ഞ നാല് ദിവസമായി ആക്ഷൻ കമ്മിറ്റി അംഗങ്ങളായ ജയന്ത്, ഗിരീഷ് മട്ടന്നവർ എന്നിവരെയും, യൂട്യൂബർ അഭിഷേകിനെയും സംഘം ചോദ്യം ചെയ്തിരുന്നു.
ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മറവുചെയ്തുവെന്ന മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന കാര്യം SIT ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ചിലരുടെ നിർബന്ധത്താലാണ് താൻ അത്തരമൊരു വെളിപ്പെടുത്തൽ നടത്തിയതെന്ന ചിന്നയ്യയുടെ പുതിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
ഈ സാഹചര്യത്തിലാണ് മനാഫ് ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാൻ SIT തീരുമാനിച്ചത്. ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട ബലാത്സംഗാരോപണങ്ങളിൽ തെളിവുകളുണ്ടെന്ന് മനാഫ് വിവിധ യൂട്യൂബ് ചാനലുകളിലൂടെ അവകാശപ്പെട്ടിരുന്നു. കൂടാതെ, വിഷയവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
Tag: Dharmasthala case; Special investigation team to record lorry owner Manaff’s statement today